KeralaNEWS

വിദ്യാർഥികൾക്കായി ശുചിത്വമിഷന്‍ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു: ജനുവരി 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 4 മുതല്‍ 6 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോ ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജീന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. മാലിന്യ പരിപാലന മേഖലയിലെ സമകാലിക പ്രശനപരിഹാരത്തിനുള്ള ആശയങ്ങള്‍ ഉരുത്തിരിഞ്ഞുവരികയെന്നതാണ് ഹാക്കത്തോണിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങള്‍ ഫെബ്രുവരി അഞ്ചിനു ഗ്ലോബല്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് 25,000 രൂപ, രണ്ടാം സ്ഥാനം 15,000 രൂപ, മൂന്നാം സ്ഥാനം 10,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.

ആശയങ്ങളിലെ പുതുമയും ആഴവും, ആവിഷ്‌ക്കരണത്തിലുള്ള അവധാനത, പ്രാവര്‍ത്തികമാക്കുന്നതിലുള്ള സാധ്യതകള്‍, പ്രായോഗികത, ഭാവിയിലെ സാധ്യതകള്‍, വാണിജ്യ മൂല്യം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധരുടെ പാനലായിരിക്കും വിജയികളെ നിര്‍ണ്ണയിക്കുന്നത്. ഹാക്കത്തോണില്‍ പങ്കെടുക്കുന്നതിനായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. രജിസ്‌ട്രേഷന്‍ സൗജന്യം. ഖര-ദ്രവ മാലിന്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങള്‍ക്ക് ഊന്നല്‍ നല്‍കി തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടിയാണ് ശുചിത്വ മിഷൻ ഗ്ലോബൽ എക്സ്പോ സംഘടിപ്പിക്കുന്നത്.

Back to top button
error: