IndiaTravel

ആൾക്കാർ ഇടിച്ചു കയറി, ഭാരത് ജോഡോ യാത്ര പ്രയാണം നിർത്തി; സി.ആർ.പി.എഫിനെ പിൻവലിച്ചതിനാൽ സുരക്ഷാ വീഴ്ചയെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: സുരക്ഷാപാളിച്ചകള്‍ കാരണമാണ് ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ യാത്ര നിര്‍ത്തേണ്ടിവന്നെന്ന് രാഹുല്‍ ഗാന്ധി. കശ്മീരിലേക്ക് കടക്കാനിരിക്കേ യാത്ര നിര്‍ത്തിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നു. തന്‍റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി. എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. നാളെയും മറ്റന്നാളും പിഴവ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.

ആളുകൾ യാത്രയിലേക്ക് ഇടിച്ചു കയറിയതിനെത്തുടർന്നാണ് ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവച്ചത്. മതിയായ സുരക്ഷ ഒരുക്കാത്തതിനാലാണ് യാത്ര താത്കാലികമായി നിര്‍ത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. ജമ്മുവിലെ ബനിഹാലില്‍ റാലിയില്‍ ആള്‍ക്കൂട്ടം ഇരച്ചുകയറിയിരുന്നു. തുടര്‍ന്ന് രാഹുലിനെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റുകയായിരുന്നു. മതിയായ സുരക്ഷ ഒരുക്കിയ ശേഷമെ യാത്ര ആരംഭിക്കുകയുള്ളുവെന്നും നേതാക്കള്‍ പറഞ്ഞു.
‘ഒരു സുരക്ഷയുമില്ല. ഈ രീതിയില്‍ രാഹുല്‍ ഗാന്ധിയെ മുന്നോട്ട് പോകാന്‍ അനുവദിക്കാനാകില്ല. രാഹുല്‍ നടക്കാന്‍ ആഗ്രഹിച്ചാലും പാര്‍ട്ടിക്ക് അനുവദിക്കാനാവില്ല. മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തണം,”- കെസി വേണുഗോപാല്‍ പറഞ്ഞു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഇന്ന് രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു.

Back to top button
error: