ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം പെരുപ്പിച്ചു കാട്ടിയെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ്. സാമ്പത്തിക ക്രമക്കേടു നടന്നെന്ന റിപ്പോര്‍ട്ടില്‍ സെബിയും റിസര്‍വ് ബാങ്കും അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജ്യത്തു സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ ചുമതലപ്പെട്ട സ്ഥാപനങ്ങള്‍ എന്ന നിലയിലാണ് ഇവയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
അതേസമയം, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബുധനാഴ്ച വന്‍ ഇടിവു നേരിട്ട അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും വില്‍പ്പന സമ്മര്‍ദത്തില്‍. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ഇരുപതു ശതമാനത്തോളം ഇടിവാണ് ഗ്രൂപ്പ് ഓഹരികള്‍ക്കുണ്ടായത്. ബുധനാഴ്ച റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഏകദേശം 90,000 കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു. നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിച്ച് തുടങ്ങിയതോടെ ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന അറിയിപ്പുമായി അദാനി ഗ്രൂപ്പ് രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതൊന്നും നിക്ഷേപകരെ സ്വാധീനിച്ചില്ലെന്നാണ് ഇന്നത്തെ വ്യാപാരം സൂചിപ്പിക്കുന്നത്.