IndiaNEWS

മമതയോട് അടുപ്പമെന്ന് ബി.ജെ.പി. ബംഗാൾ ഘടകത്തിനു പരാതി; സി.വി. ആനന്ദബോസിനെ ഡൽഹിക്കു വിളിപ്പിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി മമത ബാനർജിയോട് അടുപ്പമെന്ന ബി.ജെ.പി. ബംഗാൾ ഘടകത്തിന്റെ പരാതിക്കു പിന്നാലെ ഗവർണർ സി.വി. ആനന്ദബോസിനെ ഡൽഹിക്കു വിളിപ്പിച്ച് അമിത് ഷാ. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ഗവര്‍ണര്‍, തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പരിധി വിട്ട് സംരക്ഷിക്കുന്നുവെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പരാതി.

ഇതേത്തുടര്‍ന്ന് ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജ്ഭവനില്‍ സംഘടിപ്പിച്ച സരസ്വതി പൂജ ചടങ്ങ് ബംഗാളിലെ ബിജെപി നേതാക്കള്‍ ബഹിഷ്‌കരിച്ചിരുന്നു. ചടങ്ങിനിടെ തനിക്ക് ബംഗാളി പഠിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ താല്‍പര്യത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി സ്വാഗതം ചെയ്തു. ഇതിനു പിന്നാലെ, ഗവര്‍ണറെ വിമര്‍ശിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തി. മുഖ്യമന്ത്രിയെ അധ്യാപികയാക്കി ഗവര്‍ണര്‍ ബംഗാളി പഠിക്കുന്നത് നല്ല കാര്യമല്ലെന്നും നല്ലൊരു അധ്യാപികയെ തിരഞ്ഞെടുക്കാമെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

Signature-ad

തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി ഉപയോഗിച്ചുപോരുന്ന ജയ് ബംഗ്ല എന്ന മുദ്രാവാക്യം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്ത പരിപാടിയില്‍ ഗവര്‍ണര്‍ ഉയര്‍ത്തിയിരുന്നു. ഇതും ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ സെറോക്‌സ് മെഷീനായി പ്രവര്‍ത്തിക്കുന്നുവെന്ന് സ്വപന്‍ദാസ് ഗുപ്ത എംപിയും ആരോപിച്ചു.

Back to top button
error: