KeralaNEWS

കാലില്‍ പുഴുവരിച്ച് ഗുരുതരാവസ്ഥയില്‍ അമ്മ; തിരിഞ്ഞു നോക്കാതെ മൂന്ന് മക്കള്‍

കണ്ണൂര്‍: കാലില്‍ പുഴുവരിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ തിരിഞ്ഞുനോക്കാന്‍ കൂട്ടാക്കാതെ മൂന്നു മക്കള്‍. പേരാവൂരിലെ കാഞ്ഞിരപ്പുഴ സ്വദേശിയായ സരസ്വതി(63)യാണ് ഹതഭാഗ്യയായ ആ അമ്മ. പ്രമേഹ രോഗിയായ ഇവര്‍, കാലില്‍ വ്രണം വന്ന് പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും, പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. എന്നാല്‍, കൂട്ടിരിപ്പിന് ആളില്ലാത്തതിനാല്‍ ഒരാഴ്ച മുന്‍പ് മകള്‍ക്കൊപ്പം വീട്ടിലേക്ക് വിട്ടു.

കയ്യില്‍ പണമില്ലാതെ, സഹായിക്കാന്‍ ആരുമില്ലാതെ തിരിച്ച് വീട്ടിലെത്തിയ ഇവരെ പേരാവൂരിലെ ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ കയ്യൊഴിഞ്ഞു. വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞതോടെ ഇടതുകാലിലെ വ്രണത്തില്‍ നിറയെ പുഴുവരിച്ചു. നില ഗുരുതരമായതോടെ സന്നദ്ധപ്രവര്‍ത്തകര്‍ ഇപ്പോള്‍ സരസ്വതിയെ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇടതുകാല്‍ മുറിച്ചുകളയേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Signature-ad

നാലു മക്കളാണ് സരസ്വതിക്ക്. മൂന്ന് ആണ്‍മക്കളും ഒരു മകളും. കിടപ്പിലായെന്നറിഞ്ഞിട്ടും ആണ്‍മക്കള്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും മകള്‍ മാത്രമാണ് സഹായത്തിനെന്നും സരസ്വതി പറയുന്നു. കൂട്ടിരിപ്പിന് ആളില്ലാത്തതിനാലും കയ്യില്‍ പണം ഇല്ലാത്തതിനാലും ആശുപത്രിയില്‍ തുടരാനായില്ല എന്നാണ് സരസ്വതിയുടെ മകള്‍ സുനിത പറയുന്നത്. സഹോദരങ്ങളെ അറിയിച്ചെങ്കിലും അവര്‍ സഹായിച്ചില്ല. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും പോലീസിനെയും സമീപിച്ചെങ്കിലും അവരും കൈമലര്‍ത്തിയെന്ന് സുനിത പറഞ്ഞു.

അതേസമയം, പേരാവൂരിലെ സരസ്വതിയ്ക്ക് ചികിത്സ നിഷേധിച്ച സംബന്ധിച്ച വാര്‍ത്തയില്‍ കണ്ണൂര്‍ കലക്ടര്‍ ഇടപെട്ടു. ഇതേക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

Back to top button
error: