ജെനിൻ: പലസ്തീൻ വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സേന നടത്തിയ വെടിവയ്പിൽ ഒൻപത് പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയർ ഗ്യാസ് ഷെല്ലുകൾ പതിച്ചു. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങൾ നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു. അതേസമയം, സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീൻ ഭരണകൂടം പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ഭീകരവിരുദ്ധ ആക്രമണങ്ങളുടെ തുടർച്ചയാണെന്ന് ഇസ്രായേൽ സൈന്യം വിശദീകരിച്ചു.
അതേസമയം, ജെനിനിലെ സാഹചര്യം ഗുരുതരമാണെന്ന് പലസ്തീൻ ആരോഗ്യമന്ത്രി മൈ എൽ കൈല പരഞ്ഞു. നിരവധി സാധാരണക്കാർക്കും കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്. കുട്ടികൾക്ക് നേരെ പോലും കണ്ണീർവാതകം പ്രയോഗിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വർഷം മാത്രം വെസ്റ്റ് ബാങ്കിൽ 29 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന് പലസ്തീൻ പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു.