CrimeNEWS

സൗദിയിൽ നവജാത ശിശുക്കളെ ഉപദ്രവിച്ച കേസ്: ആശുപത്രി ജീവനക്കാരിക്ക് അഞ്ചുവർഷം തടവും വൻതുക പിഴയും

റിയാദ്: സൗദി അറേബ്യയിൽ നവജാത ശിശുക്കളെ ഉപദ്രവിച്ച കേസിൽ ആശുപത്രി ജീവനക്കാരിക്ക് കോടതി അഞ്ചുവർഷം തടവും ലക്ഷം റിയാൽ പിഴയും വിധിച്ചു. 11 നവജാത ശിശുക്കളെ ഉപദ്രവിച്ചതിനാണ് മക്കയിലെ ആശുപത്രിയിലുള്ള നിയോനേറ്റൽ നഴ്‌സറി വിഭാഗത്തിൽ ഹെൽത്ത് പ്രാക്ടീഷണറായി ജോലി ചെയ്യുന്ന സ്ത്രീക്കെതിരെ കുറ്റം ചുമത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

11 കുഞ്ഞുങ്ങൾക്കെതിരെ യുവതി ആവർത്തിച്ച് ക്രിമിനൽ കുറ്റങ്ങൾ ചെയ്തതായി അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. ജോലി സമ്മർദം കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് അവർ പിന്നീട് സമ്മതിച്ചു. നവജാത ശിശുക്കളുടെ നഴ്‌സറിയിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളിൽനിന്ന് ശിശുക്കളെ പീഡിപ്പിക്കുന്നതിന്റെ തെളിവുകൾ പബ്ലിക് പ്രോസിക്യൂഷൻ ഉദ്യോഗസ്ഥർ ശേഖരിച്ചു. ഒരു കുഞ്ഞിനെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് മൂന്ന് തവണ അടിക്കുകയും ചെയ്തതായി കണ്ടെത്തി.

Signature-ad

പ്രതിയെ കസ്റ്റഡിയിലെടുക്കുകയും വിചാരണ നടപടികൾ പൂർത്തിയാക്കാൻ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. തുടർന്നാണ് കഴിഞ്ഞ ദിവസം വിചാരണ പൂർത്തിയാക്കി വിധി പ്രസ്‍താവിച്ചത്. വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ അപ്പീൽ നൽകിയതായും ശിശുക്കൾക്ക് എതിരായ കുറ്റകൃത്യങ്ങളുടെ ക്രൂരത കണക്കിലെടുത്ത് കുറ്റവാളിക്ക് കൂടുതൽ കഠിനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ട് പറയുന്നു.

നവജാത ശിശുക്കളെ കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നത് ഇസ്ലാമിക ശരീഅത്തും രാജ്യത്തെ നിയമവും അനുശാസിക്കുന്ന ഉറപ്പുകളിലൊന്നാണ്. നവജാത ശിശുക്കൾക്ക് അവരുടെ എല്ലാ ആരോഗ്യ, സാമൂഹിക, സുരക്ഷാ അവകാശങ്ങളും നൽകാൻ നിയമം അനുവദിക്കുന്നു. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു.

Back to top button
error: