ന്യൂഡല്‍ഹി: സാമൂഹിക ആവശ്യങ്ങള്‍ ഉയര്‍ത്തി ക്രൗഡ്ഫണ്ടിങിലൂടെ പിരിച്ചെടുത്ത ഒരു കോടിയിലേറെ രൂപ തൃണമൂല്‍ കോണ്‍ഗ്രസസ് വാക്താവ് സാകേത് ഗോഖലെ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വൈന്‍ വാങ്ങിക്കുന്നതിനും വിരുന്നൊരുക്കുന്നതിനും അടക്കമുള്ള വ്യക്തിഗത ആവശ്യങ്ങള്‍ക്ക് തൃണമൂല്‍ നേതാവ് പിരിവ് നടത്തിയ പണം ഉപയോഗിച്ചെന്നാണ് ഇ.ഡി.കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സഹായിയില്‍ നിന്ന് ലഭിച്ച 23 ലക്ഷം രൂപയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇ.ഡി. അവകാശപ്പെടുന്നത്.
ഫണ്ട് ദുരുപയോഗത്തില്‍ സകേത് ഗോഖലെയെ ഇ.ഡി.അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇ.ഡി. ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജനുവരി 31 വരെ സബര്‍മതി പ്രത്യേക കോടതി സകേത് ഗോഘലയെ കസ്റ്റഡിയില്‍ വെക്കാന്‍ ഇ.ഡിക്ക് അനുമതി നല്‍കി.
അന്വേഷണവുമായി ബന്ധപ്പെട്ട് രാഹുലിന്‍െ്‌റ സഹായി അലങ്കാര്‍ സവായിയെ ഏജന്‍സി വിളിച്ചുവരുത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. സാമൂഹിക മാധ്യമം കൈകാര്യം ചെയ്തതിന് അലങ്കാര്‍ സവായ് തനിക്ക് 23.54 ലക്ഷം രൂപ നല്‍കിയതായി ചോദ്യം ചെയ്യലില്‍ സാകേത് ഗോഖലെ പറഞ്ഞിരുന്നു. 2019-22 കാലയളവില്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ 1.07 കോടിരൂപയാണ് ഗോഖലെ പിരിച്ചത്. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന അലങ്കാര്‍ സവായ് ഇഡിക്ക് മുമ്പാകെ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍ ബാങ്കറായ സവായ്, രാഹുല്‍ ഗാന്ധിയുടെ ഗവേഷക ടീമിനെ നയിക്കുന്ന ആളാണ്. എന്തിനാണ് അലങ്കാര്‍ സവായ് തനിക്ക് പണം തന്നതെന്നതിന് കൂടുതല്‍ വിശംദാശങ്ങള്‍ അറിയണമെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് ഗോഖലെ പറഞ്ഞതായി ഇ.ഡി. കോടതിയില്‍ പറഞ്ഞു. ‘ജയന്റ്ടെക് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്വകാര്യ കമ്പനി മുഖേന പരാതിക്കാരനില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും പണം ശേഖരിച്ച് ‘OurDemocracy.in” എന്ന സ്ഥാപനത്തിന്റെ പേരില്‍ ഗോഖലെ വ്യാജ ഇലക്ട്രോണിക് രേഖ തയ്യാറാക്കിയതായി ഏജന്‍സി കോടതിയെ അറിയിച്ചു.