തിരുവനന്തപുരം: അനിൽ ആന്റണിയുടെ രാജിയോടെ ബി.ബി.സി. ഡോക്യുമെന്ററി വിവാദത്തിലെ ആ അധ്യായം അടഞ്ഞെന്നു മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടി പദവികളിൽ നിന്നുള്ള അനിൽ ആൻറണിയുടെ രാജിയോടെ വിവാദം അടഞ്ഞ അധ്യായമായി. ബിബിസി ഡോക്യുമന്ററി സംബന്ധിച്ച് കേരളത്തിലേയും കോൺഗ്രസ് ദേശീയ നേതൃത്വതത്തിന്റെയും നിലപാടുകൾ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോൺഗ്രസിന്റെ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കളെ താരതമ്യം ചെയ്ത് ജയറാം രമേശ് കടുത്ത വിമർശനവുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതേക്കുറിച്ച് അദ്ദേഹത്തോട് തന്നെ അഭിപ്രായം ചോദിക്കണമെന്നും ചെന്നിത്തല പ്രതികരിച്ചു.
അതേസമയം, ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയെന്ന അനിൽ ആന്റണിയുടെ പരാമർശം തള്ളി ശശി തരൂർ എം പി രംഗത്ത് വന്നിരുന്നു. ബിബിസി ഡോക്യുമെൻ്ററി കൊണ്ട് തകരുന്നത് അല്ല നമ്മുടെ പരമാധികാരം.ബാക്കി കാര്യങ്ങൾ അദ്ദേഹത്തോട് ചോദിക്കണം. ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. ഗുജറാത്ത് കലാപ വിഷയത്തിൽ സുപ്രീം കോടതി തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. നമുക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട് . സർക്കാർ ഡോക്യുമെൻ്ററി വിലക്കിയതാണ് കാര്യങ്ങൾ വഷളാക്കിയത്.പ്രദർശനം കോൺഗ്രസ് ഏറ്റെടുത്തത് ഈ സെൻസർഷിപ്പിന് എതിരെയാണെന്നുമായുന്നു തരൂരിന്റെ പ്രതികരണം
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടാകണം എല്ലാവരുടെയും അഭിപ്രായം മാനിക്കണമെന്നും ശശി തരൂർ പറഞ്ഞു. ഇത്ര വലിയ വിഷയം ആക്കേണ്ടിയിരുന്നില്ല. ഗുജറാത്ത് കലാപ വിഷയം ഇനിയും ചർച്ച ആക്കേണ്ട കാര്യമില്ല. കോടതി പറഞ്ഞു കഴിഞ്ഞ കാര്യമാണ്. പലർക്കും അതിൽ വിയോജിപ്പ് ഉണ്ടാകാം. പക്ഷേ കോടതി വിധി വന്ന ശേഷം വീണ്ടും ചർച്ച ചെയ്യുന്നതിൽ കാര്യമില്ല .മറ്റു കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.