കോഴിക്കോട്: മലബാറിലെ പ്രവാസികൾക്ക് ആശ്വാസം, കരിപ്പൂരിലേക്കു വീണ്ടും ഗൾഫ് സർവീസ് ആരംഭിക്കാൻ ഇൻഡിഗോ എയർലൈൻസ്. നിർത്തിവെച്ചിരുന്ന ജിദ്ദ – കോഴിക്കോട്, ദമ്മാം – കോഴിക്കോട് നേരിട്ടുള്ള സർവീസുകളാണ് ഇൻഡിഗോ പുനഃരാരംഭിക്കുന്നത്. അടുത്ത മാർച്ച് 26 മുതൽ ഇരു വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ ആരംഭിക്കും. ജിദ്ദയിൽ നിന്നും എല്ലാ ദിവസവും രാത്രി 12.40ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് കോഴിക്കോട് എത്തും.
തിരികെ രാത്രി 8.30ന് കോഴിക്കോട്ട് നിന്നും പുറപ്പെടുന്ന വിമാനം രാത്രി 11.30ന് ജിദ്ദയിൽ ഇറങ്ങും. ദമ്മാമിൽ നിന്നും രാവിലെ 11.40നാണ് സർവീസ്. ഈ വിമാനം വൈകീട്ട് 6.50ന് കോഴിക്കോട്ടെത്തും. കോഴിക്കോട് – ദമ്മാം സർവീസ് രാവിലെ 8.40നാണ്. രാവിലെ 10.40ന് ദമ്മാമിലിറങ്ങും. നേരത്തെ ഈ സെക്ടറുകളിൽ സർവീസ് നടത്തിയിരുന്ന ഇൻഡിഗോ പിന്നീട് സർവീസുകൾ നിർത്തിവെക്കുകയായിരുന്നു.
നിലവിൽ ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ് ഈ സമയത്തുളളത്. ബാക്കിയുളള സർവീസുകളെല്ലാം കഴിഞ്ഞ ശീതകാല ഷെഡ്യൂൾ സമയത്ത് പുനക്രമീകരിച്ചിരുന്നു. ആഴ്ചയിൽ ആറ് ദിവസമുളള എയർ ഇന്ത്യ ഡൽഹി സർവീസിന്റെ സമയം മാറ്റി. ഇപ്പോൾ 10.50നാണ് വിമാനം കരിപ്പൂരിൽ നിന്നും പുറപ്പെടുന്നത്. പുതിയ സമയ ക്രമമനുസരിച്ച് ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.30നും വെളളി, ഞായർ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 8.55നുമാണ് വിമാനം പുറപ്പെടുക. കണ്ണൂർ വഴി മടങ്ങുന്ന വിമാനം ഉച്ചക്ക് 2.05നാണ് ഡൽഹിയിലെത്തുക.
സലാം എയറിന്റെ സലാല സർവീസിന്റെയും സമയം മാറ്റിയിട്ടുണ്ട്. നിലവിൽ പുലർച്ചെ 4.40ന് സലാലയിൽ നിന്നും പുറപ്പെട്ട് 10.15ന് കരിപ്പൂരിലെത്തുന്ന വിമാനം 11 മണിക്കാണ് മടങ്ങുക. ജനുവരി 17 മുതൽ പുലർച്ചെ 2.35ന് പുറപ്പെട്ട് 8.10ന് കരിപ്പൂരിലെത്തി 8.55ന് മടങ്ങും. ചൊവ്വ, ശനി ദിവസങ്ങളിലാണ് സർവീസ്. അതേസമയം റൺവേ റീകാർപ്പറ്റിംഗിനൊപ്പം റൺവേ സെന്റർ ലൈറ്റിങ് സംവിധാനവും ഒരുക്കും. ഇതുൾപ്പെടെ 11 മാസത്തിനകം നവീകരണ പ്രവൃത്തികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ദില്ലി ആസ്ഥാനമായ കമ്പനിയാണ് 56 കോടി രൂപക്ക് കരാർ ഏറ്റെടുത്തിരിക്കുന്നത്.