KeralaNEWS

കൊമ്പനെ ശകാരിച്ച് വിരട്ടിയോടിച്ച് വൈറലായ വനംവകുപ്പ് വാച്ചര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു; പ്രതി ‘ചക്കക്കൊമ്പന്‍’ എന്ന് നാട്ടുകാര്‍

ഇടുക്കി: കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. രണ്ടു മാസം മുമ്പ് റോഡിലിറങ്ങിയ ആനയെ ശകാരിച്ച് വിരട്ടിയോടിച്ച് വൈറലായ ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചര്‍ ശക്തിവേലാണ് കൊല്ലപ്പെട്ടത്. ഇടുക്കി ശാന്തന്‍പാറ സ്വദേശിയാണ് ശക്തിവേല്‍. പന്നിയാര്‍ എസ്റ്റേറ്റില്‍ വെച്ച് കാട്ടാനാക്കൂട്ടത്തെ ഓടിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ശക്തിവേലിന്റെ മൃതദേഹം കൊണ്ടുപോകാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ആനകളുടെ ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം.

ആനയിറങ്കല്‍ മേഖലയില്‍ കാട്ടാന ആക്രമണം തടയാന്‍ നിയോഗിച്ചിരുന്നത് ശക്തിവേലിനെയായിരുന്നു. ആനകളെ തുരത്താന്‍ രാവിലെ ആറര മണിയോടെയാണ് ശക്തിവേല്‍ എസ്റ്റേറ്റിലേക്ക് കയറിയത്. എന്നാല്‍, ഏറെനേരം കഴിഞ്ഞും തിരിച്ചുവരാതെ വന്നതോടെ, നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് തേയില തോട്ടത്തില്‍ നിന്ന് ശക്തിവേലിന്റെ മൃതദേഹം കണ്ടെത്തിയത്. ‘ചക്കക്കൊമ്പന്‍’ എന്ന കാട്ടാനയാണ് ശക്തിവേലിനെ ആക്രമിച്ചത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

രണ്ടു മാസം മുമ്പ് റോഡിലിറങ്ങിയ കാട്ടനായോട് ”ഡാ കേറി പോടാ” എന്ന് സ്‌കൂട്ടറിലെത്തിയ ശക്തിവേല്‍ പറയുമ്പോള്‍, കട്ടാന കൊച്ചുകുട്ടിയെപ്പോലെ പരുങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് ശേഷം രണ്ട് ബൈക്ക് യാത്രികര്‍ക്ക് നേരെ തിരിഞ്ഞ കാട്ടാനയെ ശക്തിവേല്‍ പിന്തിരിപ്പിക്കുന്നതിന്റേയും വീഡിയോ വൈറലായിരുന്നു. ഇത്തരത്തില്‍ ഏറെ ശ്രദ്ധനേടിയ വാച്ചറാണ് ശക്തിവേല്‍.

Back to top button
error: