കൊല്ലം: മീൻ പിടിക്കാനിറങ്ങിയ യുവാക്കൾക്ക് ചെളിക്കെട്ടിൽ നിന്നു ലഭിച്ചത് 55 ലിറ്റർ വ്യാജമദ്യം! കൊല്ലം ചാത്തന്നൂരിലാണ് മീൻ പിടിക്കുന്നതിനിടെ ചെളിക്കെട്ടിൽ സൂക്ഷിച്ചിരുന്ന വ്യാജമദ്യം കണ്ടെത്തിയത്. ഉളിയനാട് നിന്നാണ് യുവാക്കൾക്ക് വ്യാജമദ്യം കിട്ടിയത്. സംഭവത്തിൽ ചാത്തന്നൂർ എക്സൈസ് സംഘം കേസെടുത്തു അന്വേഷണം തുടങ്ങി.
ചാത്തന്നൂർ ഉളിയനാട് തേമ്പ്ര മണ്ഡപക്കുന്നിൽ മീൻ പിടിക്കാൻ ഇറങ്ങിയതാണ് യുവാക്കൾ. പക്ഷേ യുവാക്കൾക്ക് കിട്ടിയതാകട്ടെ മൂന്ന് ചാക്കുകളാണ്. തുറന്ന് നോക്കിയ യുവാക്കൾക്ക് ലഭിച്ചത് മദ്യം നിറച്ച 148 കുപ്പികൾ. യുവാക്കൾ ഉടൻ തന്നെ ചാത്തന്നൂർ എക്സൈസിൽ വിവരമറിയിച്ചു. എക്സൈസ് സംഘമെത്തി പ്രദേശത്ത് പരിശോധന നടത്തി. 148 കുപ്പികളിലായി 55 ലിറ്റർ വ്യാജമദ്യമാണ് കണ്ടെത്തിയതെന്ന് എക്സൈസ് അറിയിച്ചു. സ്പിരിറ്റിൽ കളര്‍ ചേര്‍ത്താണ് ഇവയുണ്ടാക്കിയിരിക്കുന്നത്.
ലോക്ക് ഡൗൺ കാലത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച വ്യാജ മദ്യം ആകാമെന്നാണ് എക്സൈസ് സംഘത്തിന്‍റെ പ്രാഥമിക നിഗമനം. പ്രദേശവാസികളിലാരെങ്കിലുമാകാം ഇത് സൂക്ഷിച്ചതെന്നാണ് എക്സൈസ് സംഘം പറയുന്നത്. സംഭവത്തിൽ കേസെടുത്ത എക്സൈസ് അന്വേഷണം ആരംഭിച്ചു. നാട്ടിലെ സ്ഥിരം വ്യാജമദ്യവിൽപനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.