CrimeKeralaNEWS

വശീകരിച്ച് തട്ടിക്കൊണ്ടുപോയി, പത്തു മാസത്തെ ആസൂത്രണത്തിന് ശേഷം കൊലപാതകം; ഷാരോൺ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും

തിരുവനന്തപുരം: പാറശാലയിൽ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. മറ്റൊരാളെ വിവാഹം കഴിക്കുന്നതിനായി ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 2022 ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി നൽകിയത്. സാധാരണമരണമെന്നായിരുന്നു ആദ്യത്തെ നി​ഗമനം. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിൽ ഗ്രീഷ്മ കുറ്റസമ്മതം നടത്തി.

ഷാരോൺ

പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു കൊലപാതകമെന്നും തിരുവനന്തപുരം റൂറൽ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം നടത്തിയത് മകളാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകൾ നശിപ്പിച്ചെന്ന് പൊലിസ് കുറ്റപത്രത്തിൽ പറയുന്നു. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85-ാം ദിവസമാണ് കുറ്റപത്രം നൽകുന്നത്. കൊലപാതകം തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിനുപുറമേ വശീകരിച്ചുള്ള തട്ടികൊണ്ടുപോകലും ചുമത്തിയിട്ടുണ്ട്. ജില്ലാ ക്രൈം ബ്രാഞ്ചിൻെറ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം നൽകുന്നത്. മതിയായ തെളിവുകൾ ഉണ്ടെന്നാണ് ആന്വേഷണസംഘത്തിന്റെ ആത്മവിശ്വാസം. അതേസമയം, കേസ് അന്വേഷിക്കേണ്ടത് തമിഴ്നാട് പോലീസ് ആണോ കേരളാ പോലീസ് ആണോ എന്നതു സംബന്ധിച്ച് ഉയർന്ന വിവാദം വിചാരണ വേളയിൽ പ്രതിഭാഗം ആയുധമാക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: