കൊച്ചി: മാത്യു തോമസും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെ കെ, വേണു, സലിം അഹമ്മദ്, തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചുപോന്ന അനുഭവജ്ഞാനത്തിലൂടെയാണ് ആൽവിൻ ഹെൻറി ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്. ഇപ്പോള്‍ ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് പ്രതികരിക്കുകയാണ് നടിയായ മാളവിക മോഹനന്. ചിത്രത്തിലെ ഒരു കിസിംഗ് സീനില്‍ സംഭവിച്ചതാണ് മാളവിക പറയുന്നത്. മിര്‍ച്ചി പ്ലസിന് നല്കിയ അഭിമുഖത്തിലാണ് മാളവിക ഈ അനുഭവം പറയുന്നത്.
“മാത്യുവിന്റെ കഥാപാത്രമായ റോയി ക്രിസ്റ്റയെ കിസ് ചെയ്യാന്‍ വരുന്ന ഒരു സീനുണ്ട്. അല്ലെങ്കില്‍ കിസ് ആഗ്രഹിക്കുന്ന സീനുണ്ട്. കിസ് നടക്കുമോ ഇല്ലയോ എന്ന് നമ്മുക്ക് അറിയില്ല. അത് പടം കണ്ടാല്‍ അറിയാം. ആ സീനെടുക്കുന്നത് ഭയങ്കര തമാശയായിരുന്നു. കാരണം മാത്യു ഭയങ്കര ഓക്ക്വേര്‍ഡായിരുന്നു. ഭയങ്കര പാവമാണ്. പേടിച്ചിരിക്കുകയായിരുന്നു. ഞാനും ഓണ്‍ സ്ക്രീന്‍ കിസ് ചെയ്തിട്ടില്ല. കിസ് ചെയ്യാന്‍ വരുമ്പോഴുള്ള ഇന്റിമസി ഉണ്ടല്ലോ, അത് എടുത്തത് ഭയങ്കര തമാശയായി. ഒരുപാട് ടേക്ക്സ് പോയി’ മാളിവിക പറഞ്ഞു.
റോക്കി മൗണ്ടൻ സിനിമാ സിന്റ് ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്. പൂവാർ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിന്റെ സംസ്കാരവും, ആചാരവും, ഭാഷയുമൊക്കെ പഞ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ അവതരണം.
അക്ഷരങ്ങളുടെ ‘ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യുവനിരയിലെ ശ്രദ്ധേയരായ നടൻ മാത്യു തോമസ് ചിത്രത്തില്‍ ‘ക്രിസ്റ്റി’ എന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.