തിരുവനന്തപുരം: ബിബിസിയുടെ ‘ഇന്ത്യ – ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററി കേരളത്തിൽ വിവിധ യുവജന – വിദ്യാർഥി സംഘടനകൾ പരസ്യ പ്രദർശനം നടത്തുന്നതിനെതിരെ വിമർശനവുമായി ബിജെപി നേതാവ് വിവി രാജേഷ് രംഗത്ത്. പൊലീസ് സംരക്ഷണം ഇല്ലാതെ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ ധൈര്യം ഉണ്ടോയെന്ന് ചോദിച്ച രാജേഷ്, പിണറായി വിജയൻ ഉടുതുണി ഇല്ലാതെ ഓടേണ്ടി വരുമെന്നും പറഞ്ഞു. പൊലീസ് സംരക്ഷണം ഇല്ലാതെ ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചാൽ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. മുസ്ലിം വിഭാഗത്തിലെ തീവ്രവാദികളുടെ വോട്ടുകിട്ടാൻ വേണ്ടിയാണ് ചിലരുടെ പരിശ്രമമെന്നും അത് ചിലവാകില്ലെന്നും രാജേഷ് കൂട്ടിച്ചേർത്തു. പിഎഫ്ഐക്കാരുടെ വീടും പറമ്പും ഇടതു സർക്കാരിനെ കൊണ്ട് ജപ്തി ചെയ്യിക്കാൻ കഴിഞ്ഞ പ്രസ്ഥാനമാണ് ബിജെപിയെന്നും വി.വി. രാജേഷ് ചൂണ്ടികാട്ടി.
അതേസമയം സംസ്ഥാനത്ത് പലയിടത്തും ബിബിസിയുടെ ‘ഇന്ത്യ – ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററി പ്രദർശനം തുടരുകയാണ്. പ്രദർശനം നടക്കുന്ന സ്ഥലങ്ങളിൽ പ്രതിഷേധവുമായി ബിജെപി – യുവമോർച്ച പ്രവർത്തകർ എത്തിയതോടെ പലയിടത്തും സംഘർഷാവസ്ഥയും ഉടലെടുത്തിരുന്നു. തലസ്ഥാനത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ പൂജപ്പുരയിൽ നടത്തിയ ഡോക്യുമെന്ററി പ്രദർശന വേദിയിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായെത്തിയത് സംഘർഷാവസ്ഥക്ക് കാരണമായി. പൂജപ്പുര തിരുമല റോഡില്‍ പ്രതിഷേധിച്ച ബിജെപി – യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് നേരത്തെ തന്നെ പൂജപ്പുര റോഡ് പൊലീസ് ബാരിക്കേഡ് വച്ച് അടച്ചിരുന്നു. ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകരുടെ ശ്രമിച്ചതോടെയാണ് പൂജപ്പുരയില്‍ സംഘര്‍ഷം ഉടലെടുത്തത്. വനിത ബിജെപി പ്രവർത്തകരടക്കം ബാരിക്കേട് മറികടക്കാൻ ശ്രമിച്ചു. ബാരിക്കേഡ് ഇല്ലാത്ത വിടവിലൂടെ തള്ളിക്കയറാനുള്ള ശ്രമവും പൊലീസ് തടഞ്ഞു. പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കടുത്തതോടെയാണ് പ്രവര്‍ത്തകര്‍ക്ക് നേരെ നാല് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.