TechTRENDING

കൂട്ടുകാർക്കും വീട്ടുകാർക്കുമായി ഒറ്റ അ‌ക്കൗണ്ട് ഇനി നടക്കില്ല; പാസ്‌വേർഡ് പങ്കുവയ്ക്കുന്നത് ഈ വർഷം തന്നെ അ‌വസാനിപ്പിക്കാൻ നെറ്റ്ഫ്ളിക്സ്

ന്യൂഡൽഹി: കൂട്ടുകാർക്കും വീട്ടുകാർക്കുമായി ഒറ്റ അ‌ക്കൗണ്ടിൽ സിനിമ കാണുന്ന പരിപാടി ഇനി നെറ്റ്ഫ്ളിക്സിൽ നടക്കില്ല. പാസ്‌വേർഡ് പങ്കുവെയ്ക്കുന്നത് അ‌വസാനിപ്പിക്കാനാണ് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിന്റെ തീരുമാനം. ഈ വർഷം തന്നെ ഈ സേവനം അവസാനിപ്പിക്കുമെന്ന് നെറ്റ്ഫ്ളിക്സ് സ്ഥിരീകരിച്ചു. ഒറ്റ അ‌ക്കൗണ്ട് ചാർജ് ചെയ്ത് കൂട്ടുകാർക്കും ബന്ധുക്കൾക്കും പാസ്‌വേർഡ് പങ്കുവെച്ച് നൽകി ഒന്നിലധികം പേർ സൗജന്യമായി സിനിമ കാണുന്ന സൗകര്യമാണ് ഇതോടെ ഇല്ലാതാവുന്നത്.
സമീപഭാവിയിൽ തന്നെ ഇത്തരത്തിൽ പങ്കുവെച്ച പാസ്‌വേർഡ് ഉപയോഗിച്ച് ഒടിടി പ്ലാറ്റ്‌ഫോമിൽ സിനിമ കാണുന്നവർ പണം മുടക്കേണ്ടതായി വരും. അതായത് പാസ് വേർഡ് പങ്കുവെയ്ക്കുന്നതിന് നിയന്ത്രണം വരും. ഘട്ടം ഘട്ടമായി ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ പാസ് വേർഡ് ഒന്നിലധികം പേർക്ക് പങ്കുവെയ്ക്കാനുള്ള ഓപ്ഷൻ ഉണ്ട്. പകരം ഇത്തരത്തിൽ പാസ് വേർഡ് ലഭിക്കുന്നവരും പണം മുടക്കിയാൽ മാത്രമേ വീഡിയോ കാണാൻ സാധിക്കൂ.
നടപ്പുവർഷത്തിന്റെ ആദ്യ പാദം അവസാനിക്കുന്നതിന് മുൻപ് തന്നെ ഇത് നടപ്പാക്കാനാണ് നെറ്റ്ഫ്ളിക്സ് പദ്ധതിയിടുന്നത്. പരസ്യത്തെ പിന്തുണച്ച് കൊണ്ടുള്ള ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ലക്ഷ്യം. തുടക്കത്തിൽ ഇതിന് തിരിച്ചടി നേരിട്ടാലും ഭാവിയിൽ ഇത് പ്രയോജനം ചെയ്യുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഇന്ത്യയിൽ ഉപഭോക്താക്കളുടെ എണ്ണം രണ്ടു കോടിയായി ഉയർത്താനാണ് കമ്പനി പദ്ധതിയിടുന്നത്.

Back to top button
error: