IndiaNEWS

ത്രിപുരയിൽ ബി.ജെ.പിയെ തുരത്താൻ പ്രതിപക്ഷ നീക്കം; നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം – കോൺഗ്രസ് സീറ്റ് ധാരണ

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരേ സി പി എം – കോൺഗ്രസ് നീക്കം. സംസ്ഥാനത്ത് അധികാരം തിരിച്ചുപിടിക്കാനുറച്ച് ഇരു പാർട്ടികളും തമ്മിൽ സീറ്റുകളുടെ കാര്യത്തിലും ധാരണയായി. സീറ്റ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. പരമാവധി വിജയ സാധ്യത പരിഗണിച്ചായിരിക്കും തീരുമാനങ്ങളെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

30 സീറ്റുകള്‍ വേണമെന്നാണ് തുടക്കത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ സിപിഎം അതിനോട് യോജിച്ചില്ല. ബിജെപി ഭരണം അവസാനിപ്പിക്കുന്നതിനാണ് മുന്‍ഗണനയെന്നും, അതിനാല്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും സിപിഎം അറിയിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്തിയതായാണ് സൂചന. സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന സമിതിയുടെ പരിഗണനയിലാണെന്നും അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും സിപിഎം നേതാവ് പബിത്ര കര്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് പിസിസി പ്രസിഡന്റ് ബ്രിജിത് സിന്‍ഹയും അറിയിച്ചു.

Signature-ad

ഗോത്രമേഖലകളില്‍ നിര്‍ണായക സ്വാധീനമുള്ള പ്രാദേശിക കക്ഷി തിപ്ര മോത്തയെ ഒപ്പം കൂട്ടാന്‍ സഖ്യം ശ്രമിക്കുന്നുണ്ട്. എന്നാല്‍, ടിപ്രലാന്‍ഡ് എന്ന ആവശ്യം അംഗീകരിക്കുന്നവരുമായി മാത്രമേ സഖ്യമുള്ളൂ എന്ന നിലപാടിലാണ് തിപ്ര നേതാവ് പ്രദ്യോത് ദേബ് ബര്‍മന്‍. ബിജെപിയും തിപ്ര മോത്തയെ ഒപ്പം കൂട്ടാന്‍ പരിശ്രമിക്കുന്നുണ്ട്. പ്രതിപക്ഷ പാർട്ടികൾ യോജിച്ചാൽ ഭരണം നിലനിർത്തുക ബി.ജെ.പിക്കു ദുഷ്കരമായേക്കുമെന്നാണു സൂചന.

Back to top button
error: