CrimeNEWS

സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണി; കോട്ടയം കുമാരനല്ലൂരിൽ ഭർത്താവും ഗുണ്ടാ സംഘവും ചേർന്ന് യുവതിയുടെ വീട് അടിച്ചു തകർത്തു; അക്രമി സംഘത്തിൽ പൊലീസുകാരനുമെന്നു പരാതി

കോട്ടയം: സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിൽ ഭർത്താവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം യുവതിയുടെ വീട് അടിച്ചു തകർത്തു. പൊലീസ് ഉദ്യോഗസ്ഥൻ അടക്കമുള്ള സംഘമാണ് വീട് അടിച്ചു തകർത്തത്. സംഭവത്തിൽ യുവതിയുടെ മാതാവിന്റെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. കുമാരനല്ലൂർ പുതുക്കുളങ്ങര വീട്ടിൽ വിജയകുമാരിയമ്മയുടെ വീടാണ് അക്രമി സംഘം കഴിഞ്ഞ ദിവസം രാത്രിയിൽ അടിച്ചു തകർത്തത്. ഇവരുടെ പരാതിയിൽ തിരുവല്ല മുത്തൂർ സ്വദേശി സന്തോഷ് അടക്കം കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു.

ഒരു വർഷം മുൻപാണ് വിജയകുമാരിയമ്മയുടെ മകളും തിരുവല്ല മുത്തൂർ സ്വദേശിയായ സന്തോഷും തമ്മിൽ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് 35 പവൻ സ്ത്രീധനമായി നൽകിയിരുന്നു. ഈ സ്വർണം സന്തോഷ് വിറ്റതായി വിജയകുമാരിയും മകളും പറയുന്നു. ഇതിന് ശേഷം വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും, പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഗർഭിണിയായ യുവതി പ്രസവത്തിനായി കുമാരനല്ലൂരിലെ സ്വന്തം വീട്ടിലേയ്ക്കു മടങ്ങിയെത്തി. എന്നാൽ, യുവതി വീട്ടിൽ എത്തിയതിന് ശേഷം ഭർത്താവ് സന്തോഷ് ഒരു തവണ പോലും കുമാരനല്ലൂരിലെ വീട്ടിലേയ്ക്ക് എത്താനോ കുട്ടിയെയോ, ഭാര്യയെയോ കാണാനോ തയ്യാറായില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

Signature-ad

ഇതിനിടെയാണ് ഞായറാഴ്ച രാത്രിയിൽ മദ്യപിച്ചെത്തിയ സന്തോഷ് വീട്ടുകാരെയും യുവതിയുടെ മാതാവിനെയും, സഹോദരനെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയതു. സ്ത്രീധനമായി നൽകിയ 35 പവൻ സ്വർണം മുക്കുപണ്ടമാണ് എന്നാരോപിച്ചാണ് സന്തോഷ് വീട്ടുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇതേ തുടർന്ന് ഫോണിൽ വിളിച്ച് രണ്ടു കൂട്ടരും തമ്മിൽ വാഗ്വാദം ഉണ്ടായി. തുടർന്ന് വിജയകുമാരിയും മക്കളും രാത്രിയിൽ തന്നെ ഗാന്ധിനഗർ പൊലീസിൽ പരാതിയും നൽകി. ഇതിനു ശേഷം രാത്രി 12 മണിയോടെയാണ് സന്തോഷ് അക്രമി സംഘത്തിനൊപ്പം എത്തി വീട് അടിച്ചു തകർത്തത്. വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു.

27 ദിവസം മാത്രമായ കുട്ടി മുറിയ്ക്കുള്ളിൽ കിടക്കുമ്പോഴായിരുന്നു അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം. അക്രമി സംഘം വീടിനു നേരെ കല്ലെറിയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെയാണ് സംഘത്തിൽ ഒരാൾ താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്നും പൊലീസിൽ പരാതി നൽകിയാലും ഒന്നും സംഭവിക്കില്ലെന്നും ഭീഷണി മുഴക്കിയത്.

Back to top button
error: