NEWSWorld

ചൈനീസ് പുതുവത്സരാഘോഷത്തിനിടെ അമേരിക്കയിൽ വെടിവയ്പ്പ്; 10 മരണം

ലോസ് ആഞ്ചലസ്: അമേരിക്കയില്‍ ജനക്കൂട്ടത്തിനു നേരെ വീണ്ടും വെടിവയ്പ്പ്.ചൈനീസ് പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പിൽ 10 പേർ മരിച്ചു. ലോസ് ആഞ്ചലസിന് സമീപമുള്ള മോണ്ടെറേ പാര്‍ക്കിലാണ് വെടിവയ്പ്പ് നടന്നത്. പത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു.

ശനിയാഴ്ച രാത്രി പത്ത് മണിയോടെ മോണ്ടെറെ പാര്‍ക്കിലെ ചൈനീസ് പുതുവത്സരാഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. പതിനായിരക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ക്കില്‍ എത്തിയിരുന്നത്. രണ്ടുദിവസമായാണ് ഇവിടെ ചൈനീസ് പുതുവത്സരാഘോഷം സംഘടിപ്പിക്കാറുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്.

Signature-ad

പത്ത് പേര്‍ മരിച്ചതായും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മരണനിരക്ക് ഉയരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇവിടത്തെ ഒരു ഡാൻസ് ക്ളബിൽ ഉണ്ടായിരുന്നവർക്ക് നേരെയായിരുന്നു അക്രമി വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമിക്കുവേണ്ടിയുളള തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ദിവസം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഫ്‌ളോറിഡയിൽ നടന്ന പരിപാടിയിലുണ്ടായ വെടിവയ്പ്പിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. ഫോർട്ട് പിയേഴ്സിൽ 1,000ലധികം ആളുകൾ പങ്കെടുത്ത പരിപാടിയിലാണ് വെടിവയ്പ്പ് നടന്നത്. വെടിയേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി കാർ ഷോകളും നൃത്തപരിപാടികളും കുട്ടികളുടെ പരിപാടികളും നടന്നു. ഇതിനിടെ വെടിയൊച്ച കേട്ട് ആളുകൾ പരിഭ്രാന്തരായി ഓടുകയായിരുന്നു.

 

Back to top button
error: