കൊല്ലം: ആയൂരില്‍ മദ്യപസംഘം ആക്രമിച്ചയാള്‍ തൂങ്ങിമരിച്ചനിലയില്‍. കൊല്ലം സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്. മകളോട് മോശമായി സംസാരിച്ചതിനെ ചോദ്യം ചെയ്തതിന് ഇയാളെ മദ്യപസംഘം ആക്രമിച്ചിരുന്നു. തൊട്ടുപിന്നാലെ അജയകുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മദ്യപരുടെ ആക്രമണത്തില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് പരാതി.
ബുധനാഴ്ചയായിരുന്നു സംഭവം. ട്യൂഷന്‍ കഴിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകളേയും കൂട്ടി ബൈക്കില്‍ വരികയായിരുന്നു അജയകുമാര്‍. ഈ സമയത്ത് നാലുപേര്‍ ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. വഴിയില്‍ വെച്ച് വിദ്യാര്‍ഥിനിയായ മകളോട് ഇവര്‍ മോശമായി സംസാരിച്ചു. തുടര്‍ന്ന് മകളെ വീട്ടിലിറക്കിയ ശേഷം തിരികെ പോയി ചോദിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ അജയകുമാറിന് ക്രൂരമര്‍ദനമാണ് നേരിടേണ്ടി വന്നത്. ശരീരത്തിലാകമാനം മര്‍ദിക്കുകയും ഉടുതുണിയുരിയുകയും ചെയ്തുവെന്നാണ് വിവരം.
സംഭവത്തിന് ശേഷം അജയകുമാര്‍ വീട്ടില്‍ എത്തി മുറിയില്‍ കിടക്കുകയായിരുന്നു. ഭക്ഷണംകഴിക്കാന്‍പോലും പുറത്തു വന്നില്ലെന്ന് ഭാര്യ ദീപ്തി പറയുന്നു. വ്യാഴാഴ്ച വൈകിട്ട് ആറരയോടുകൂടി ഇയാള്‍ പുറത്തേക്ക് പോയി. പിന്നീട് കാണുന്നത് സമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ്. കഴിഞ്ഞ ദിവസം പോസ്റ്റ്‌മോര്‍ട്ടം, സംസ്‌കാര ചടങ്ങുകള്‍ അടക്കം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇന്ന് കുടുംബം പോലീസില്‍പരാതി നല്‍കുകയായിരുന്നു. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.