CrimeNEWS

ലഹരി മാഫിയയ്ക്ക് എതിരെ വിവരം നല്‍കിയ വിദ്യാര്‍ത്ഥിനിയെയും മാതാവിനെയും വീട് കയി മര്‍ദിച്ച സംഭവം: മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി 

തിരുവനന്തപുരം: ലഹരി മാഫിയയെക്കുറിച്ച് വിവരം നല്‍കിയ വിദ്യാര്‍ത്ഥിനിയെയും മാതാവിനെയും വീട് കയി മര്‍ദിച്ച സംഭവത്തിൽ മന്ത്രി വി. ശിവന്‍കുട്ടി അടിയന്തര റിപ്പോര്‍ട്ട് തേടി. പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നു പോലീസ്‌ നിലപാട് എടുത്തത് വിവാദമായതോടെയാണ്‌ മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടിയത്. വെഞ്ഞാറമൂട് മാണിക്കല്‍ പഞ്ചായത്തിലാണ് സംഭവം.

ലഹരിക്കെതിരെ യോദ്ധാവ് പദ്ധതി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ സംഘടിപ്പിച്ചിരുന്നു. ഓരോ വിദ്യാര്‍ഥിയും താമസിക്കുന്ന സ്ഥലങ്ങളിലോ പ്രദേശത്തോ ലഹരി സംബന്ധിച്ച വിവരം ലഭിക്കുന്നുവെങ്കില്‍ അധികൃതരെ അറിയിക്കണമെന്നും വിവരം നല്‍കുന്ന ആളിന്റെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും സ്‌കൂളില്‍ നടന്ന ലഹരി ബോധവല്‍ക്കരണ ക്ലാസുകളില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പരില്‍ വിളിച്ചിട്ടും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസില്‍ വിവരം നല്‍കി. പോലീസ് വാമനപുരം എക്‌സൈസ് അധികൃതര്‍ക്ക് വിവരം കൈമാറുകയും പിറ്റേ ദിവസം ഇവിടെ പോലീസ്, എക്‌സൈസ് എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുകയും ചെയ്തു.

Signature-ad

റെയ്ഡ് നടന്ന ദിവസം വൈകിട്ട് ഒരു സംഘം വീട്ടില്‍ കയറി അമ്മയെയും മകളെയും മര്‍ദിച്ചുവെന്നും ഇനിയും അധികൃതര്‍ക്ക് വിവരം നല്‍കിയാല്‍ പ്രത്യാഘാതം കടുത്തതായിരിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ പെണ്‍കുട്ടിയുടെ പുറത്ത് കമ്പ് ഉപയോഗിച്ചു അടിക്കുകയും മാതാവിന്റെ കൈ അടിച്ച് ഒടിച്ചുവെന്നും ഭയം കാരണം വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്നത് നിര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.

മര്‍ദനമേറ്റതിനെത്തുടര്‍ന്ന് പരാതിയുമായി വെഞ്ഞാറമൂട് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നും മറ്റേതെങ്കിലും കേസ് വേണമെങ്കില്‍ റജിസ്റ്റര്‍ ചെയ്യാമെന്നും അറിയിച്ച് പോലീസ് പരാതിക്കാരെ മടക്കിയെന്നും മാഫിയ സംഘങ്ങളില്‍ നിന്നും അക്രമം ഉണ്ടാകുമെന്ന് ഭയക്കുന്നുവെന്നും നടപടി സ്വീകരിച്ച് സഹായിക്കണമെന്നും ഉന്നതാധികാരികള്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം, വെഞ്ഞാറമൂട്ടില്‍ ലഹരി മാഫിയക്കെതിരെ അധികൃതര്‍ക്ക് വിവരം നല്‍കിയതിന് പ്ലസ് ടു വിദ്യാര്‍ഥിനിക്കും അമ്മയ്ക്കും മര്‍ദനമേറ്റത് ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അനേ്വഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. ജീവന്‍ ബാബുവിന് നിര്‍ദേശം നല്‍കി. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശമെന്നും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് കൈക്കൊള്ളേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി.എന്നാല്‍ പെണ്‍കുട്ടിയും മാതാവും നല്‍കിയ പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്നു വെഞ്ഞാറമൂട് പോലീസ് പറഞ്ഞു.

Back to top button
error: