KeralaNEWS

ബ്രേക്ക് ചവിട്ടി; ട്രെയ്ലറിന്റെ കാബിന്‍ പൊളിച്ചു കമ്പി തുളഞ്ഞു കയറി, നാലുപേര്‍ക്ക് പരുക്ക്

കൊച്ചി: കമ്പി കയറ്റി വന്ന ട്രെയ്‌ലര്‍ ബ്രേക്ക് ചവിട്ടിയപ്പോള്‍ കമ്പി കാബിനിലേക്ക് തുളച്ചുകയറി ഡ്രൈവറടക്കം നാലുപേര്‍ക്ക് ഗുരുതര പരുക്ക്. ബുധനാഴ്ച രാത്രി എട്ടരയോടെ ദേശീയപാത 66-ല്‍ വരാപ്പുഴ ഗോപിക റീജന്‍സിക്ക് സമീപത്താണ് സംഭവം. മറ്റൊരു വാഹനത്തെ മറികടന്നുവന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ട്രെയ്‌ലര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നു.

ഈ സമയം കമ്പികള്‍ ശക്തിയോടെ വന്നിടിച്ചതിനെ തുടര്‍ന്ന് കാബിന്‍ ഭാഗം ചളുങ്ങുകയും ഏതാനും കമ്പികള്‍ തുളച്ച് മറുവശത്ത് എത്തുകയും ചെയ്തു. ഞെരുങ്ങിപ്പോയ നാലുപേരില്‍ ചിലരുടെ ശരീരത്തില്‍ കമ്പി കുത്തിക്കയറി. നാട്ടുകാരും പോലീസും ചേര്‍ന്ന് കാബിന്‍ പൊളിച്ച് പുറത്തെടുത്ത ഇവരെ ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ തലയുടെ ഭാഗത്താണ് കമ്പി തുളച്ചുകയറിയത്.

Signature-ad

ദേശീയപാത നിര്‍മാണത്തിനായി വള്ളുവള്ളി ഭാഗത്തേക്ക് കമ്പിയുമായി പോകുമ്പോഴാണ് അപകടമുണ്ടായത്. കരാറുകാരായ ഓറിയന്റല്‍ കണ്‍സ്ട്രക്ഷന്റെ അതിഥി തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.

ട്രെയ്‌ലറില്‍നിന്ന് കമ്പി റോഡിലേക്ക് ചിതറി വീണ് കാല്‍നട യാത്രികര്‍ക്കും നിസ്സാര പരുക്കേറ്റു. ഏലൂരില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ട്രെയ്‌ലറില്‍നിന്ന് കമ്പി മറ്റൊരു വാഹനത്തിലേക്ക് മാറ്റിയത്. റോഡിന്റെ മധ്യഭാഗത്തുണ്ടായ അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: