KeralaNEWS

ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ച് വിദ്യാര്‍ത്ഥിക്ക് മർദ്ദനം; മർദ്ദിച്ചത് വരാന്തയില്‍ കൂടെ പോയ അധ്യാപകന്‍, പരാതിയുമായി കുട്ടിയുടെ പിതാവ്

കോഴിക്കോട്: കോഴിക്കോട് മുക്കം കൊടിയത്തൂര്‍ പിടിഎംഎച്ച്‌ സ്കൂളിലെ വിദ്യാര്‍ത്ഥിക്ക് അധ്യാപകന്‍റെ മർദ്ദനം. ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ് അധ്യാപകന്‍റെ മര്‍ദ്ദനത്തില്‍ പരുക്കേറ്റത്. സ്കൂളിലെ അറബിക് അധ്യാപകനായ കമറുദ്ദീന്‍ ആണ് കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് മുക്കം പൊലീസില്‍ കമറുദ്ദീനെതിരെ പരാതി നല്‍കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. രക്ഷിതാവിന്‍റെ പരാതിയെ തുടർന്ന് അധ്യാപകനെതിരെ മുക്കം പൊലീസ് കേസെടുത്തു.

ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ചായിരുന്നു വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. മാഹിന്റെ ക്ലാസ് അധ്യാപകനല്ല കമറുദ്ദീനെന്നും കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. വരാന്തയില്‍ കൂടെ പോവുകയായിരുന്ന അധ്യാപകന്‍ ക്ലാസില്‍ കയറി മാഹിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടി ക്ലാസില്‍ എഴുന്നേറ്റ് നിന്നു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. കുട്ടിയുടെ ഷോള്‍ഡര്‍ ഭാഗത്തേറ്റ നിരന്തര മര്‍ദ്ദനത്തെ തുടര്‍ന്ന് പേശികളില്‍ ചതവുണ്ടായി. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ മാഹീന് പുലര്‍ച്ചയോടെ വേദന കൂടി.തുടർന്ന് രാത്രി ഒരു മണിയോടെ മകനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നുവെന്ന് പിതാവ് പറയുന്നു.

സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ സ്കൂളില്‍ പോയ സമയത്ത് അവിടെയുണ്ടായിരുന്ന അധ്യാപകര്‍, കമറുദ്ദീനെ ന്യായീകരിക്കാനാണ് ശ്രമിച്ചതെന്നും തന്‍റെ പരാതി ചെവികൊണ്ടില്ലെന്നും മാഹീന്‍റെ പിതാവ് കുറ്റപ്പെടുത്തി. ഇതോടെയാണ് രക്ഷിതാവ് പൊലീസില്‍ പരാതി നല്‍കിയത്. ബാലാവകാശ നിയമം, ഐപിസി 341, 323 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കമറുദ്ദീനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: