ഹൈദരാബാദ്: ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മെഗാ റാലി ഇന്ന് തെലങ്കാനയിൽ. ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെ ഖമ്മത്ത് നടക്കുന്ന റാലിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവര്‍ പങ്കെടുക്കും. ഭാരത് രാഷ്ട്രസമിതിയെന്ന് പേര് മാറ്റിയതിന് ശേഷം കെസിആറിന്റെ പാര്‍ട്ടി നടത്തുന്ന ആദ്യത്തെ മെഗാ റാലിയാണിത്. അതേസമയം, റാലിയിലേക്ക് കോൺഗ്രസിനു ക്ഷണമില്ല.
ദേശീയപാര്‍ട്ടിയാകാനൊരുങ്ങുന്ന ബിആര്‍എസ്സിന്റെ ആദ്യ ദേശീയ അജണ്ട യോഗത്തില്‍ പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തെലങ്കാന സന്ദര്‍ശിക്കാനിരിക്കെയാണ് ബിആര്‍എസ്സ് ശക്തിപ്രകടന റാലി സംഘടിപ്പിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ജെ.ഡി.എസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എന്നിവരും റാലിയെ അഭിസംബോധന ചെയ്യും.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയിലേക്ക് ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസിനെയും ആം ആദ്മി പാര്‍ട്ടിയെയും ക്ഷണിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി സഖ്യം വേണ്ടെന്നാണ് സി.പി.എം തീരുമാനം. പിണറായി വിജയന്‍ ചന്ദ്രശേഖര്‍ റാവുവുമായി നേരത്തെയും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.