കൊച്ചി: ചെറുകിട-ഇടത്തരം മേഖലയില്‍ വരുന്ന എല്ലാ ഭക്ഷ്യ വസ്തുക്കള്‍ക്കും ഏക നികുതി സമ്പ്രദായം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ജി.എസ്.ടി നടപ്പിലാക്കിയ രാജ്യങ്ങളില്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് അഞ്ചു ശതമാനമാണ് നികുതി. ഇന്ത്യയില്‍ ഇത് 18 ശതമാനം വരെയാണ്. കേരളത്തിലെ ബേക്കറികളില്‍ വില്‍ക്കുന്ന പഴംപൊരിക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കുമ്പോള്‍ ഹോട്ടലില്‍ വില്‍ക്കുന്ന പഴംപൊരിക്ക് അഞ്ചു ശതമാനമാണ് ജി.എസ്.ടിയെന്നും ഫെഡറേഷൻ ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ ഭക്ഷ്യ വിഭവങ്ങള്‍ക്ക് ജി.എസ്.ടി നിരക്ക് ഏകീകരിച്ചാല്‍ ജി.എസ്.ടി വരുമാനം പതിന്മടങ്ങു വര്‍ദ്ധിക്കുമെന്നു ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് പി.എം. ശങ്കരന്‍, ബേക്കേഴ്സ് അസോസിയേഷന്‍ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി റോയല്‍ നൗഷാദ്, സംസ്ഥാന സെക്രട്ടറിമാരായ സി.പി. പ്രേംരാജ്, കെ.ആര്‍. ബെല്‍രാജ്, ഐടി ആന്‍ഡ് ലോ സെക്രട്ടറി ബിജു പ്രേംശങ്കര്‍ എന്നിവര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ജി.എസ്.ടി നടപ്പാക്കിയത് മുതല്‍ ചെറുകിട മേഖലകളില്‍ ഉത്പാദിപ്പിക്കുന്ന ബേക്കറി ഉത്പന്നങ്ങള്‍ക്ക് നിലവില്‍വന്ന നികുതികളെ സംബന്ധിച്ചും എച്ച്.എസ്.എന്‍ കോഡുകളെ സംബന്ധിച്ചും അവ്യക്തതകള്‍ തുടരുകയാണ്. ഇത് ചെറുകിട ബേക്കറി മേഖലയെ കൂടുതല്‍ ആശയകുഴപ്പത്തിലേക്ക് നയിച്ചിരിക്കുകയാണ്. മുന്‍കാല നികുതിയുടെയും പിഴയുടെയും പേരില്‍ വന്‍ തുകകള്‍ അടയ്ക്കേണ്ടിവന്നത് മേഖലയിലുള്ളവര്‍ക്ക് കടുത്ത സമ്മര്‍ദ്ദമാണ് നല്‍കുന്നത്. ഇത്തരം പ്രതികൂല സാഹചര്യത്തില്‍ വ്യവസായത്തിന്റെ വളര്‍ച്ചയും നിലനില്‍പ്പും പ്രതിസന്ധിയിലാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.