SportsTRENDING

കേരള പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ത്രെഡ്സിന് അഞ്ച് ഗോള്‍ ജയം, തുരത്തിയത് ഡോണ്‍ ബോസ്‌കോ എഫ്.എയെ

കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോള്‍ഡന്‍ ത്രെഡ്സ് എഫ്.സിക്ക് തകര്‍പ്പന്‍ ജയം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഡോണ്‍ ബോസ്‌കോ എഫ്.എയെ അഞ്ച് ഗോളിന് തോല്‍പ്പിച്ചു. അജയ് അലക്സ്, ക്രൈസ്റ്റ് ഒദ്രാഗോ, അജാത് സഹീം, പകര താരം കെ.എസ് അബ്ദുല്ല, ഇ.എസ് സജീഷ് എന്നിവരാണ് ഗോളടിച്ചത്.

ആദ്യ കളിയില്‍ കേരള പൊലീസിനോട് തോറ്റെങ്കിലും ആത്മവിശ്വാസത്തോടെയാണ് ഗോള്‍ഡന്‍ ത്രെഡ്സ് എഫ്.സി ഡോണ്‍ബോസ്‌കോ എഫ്.എയ്ക്കെതിരെ ഇറങ്ങിയത്. ആദ്യ ഘട്ടത്തില്‍ നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോള്‍ഡന്‍ ത്രെഡ്സ് മുന്നേറ്റ നിരയ്ക്ക് ലക്ഷ്യം കാണാനായില്ല. 24-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഗോള്‍ഡന്‍ ത്രെഡ്സ് മുന്നിലെത്തി. ക്യാപ്റ്റന്‍ അജയ് അലക്സിന്റെ തകര്‍പ്പന്‍ കിക്ക് വല തുളച്ചു. പിന്നാലെ സുബിയുടെ കരുത്തുറ്റ ഷോട്ട് ഗോള്‍ കീപ്പര്‍ ആകാശ് തടഞ്ഞു. 42-ാം മിനിറ്റില്‍ ക്രൈസ്റ്റ് ഔദ്രാഗോ മിന്നുന്ന ഫ്രീകിക്കിലൂടെ ത്രെഡ്സിന്റെ നേട്ടം രണ്ടാക്കി.

Signature-ad

രണ്ടാംപകുതിയിലും ഗോള്‍ഡന്‍ ത്രെഡ്സ് തകര്‍പ്പന്‍ കളി പുറത്തെടുത്തു. 50-ാംമിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലീഡ് വര്‍ധിപ്പിക്കുകയും ചെയ്തു. മധ്യനിര താരം അജാത് സഹീം ആണ് പെനല്‍റ്റിയിലൂടെ ഗോള്‍ നേടിയത്. 68-ാം മിനിറ്റില്‍ സുബിയുടെ ശ്രമം ആകാശ് തടഞ്ഞു. കളിയുടെ അവസാന ഘട്ടത്തിലായിരുന്ന രണ്ട് ഗോളുകളും. അബ്ദുല്ലയും, സജീഷും ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമില്‍ ജോണ്‍ ചിഡിയുടെ പെനല്‍റ്റി ഗോള്‍കീപ്പര്‍ ശബരിദാസ് തടഞ്ഞു. ജനുവരി 22ന് കേരള എഫ്.സിക്കെതിരെയാണ് ഗോള്‍ഡന്‍ ത്രെഡ്സിന്റെ മൂന്നാം മത്സരം.

Back to top button
error: