KeralaNEWS

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നൂതന പദ്ധതി; കെ.എസ്.ആര്‍.ടി.സി. ഫീഡര്‍ സര്‍വ്വീസിന് ഇന്ന് തിരുവനന്തപുരത്തു തുടക്കം 

  • യാത്ര പൂര്‍ണ്ണമായും ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനപ്പെരുപ്പം കുറയ്ക്കുക, കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് യാത്ര സൗകര്യം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഫീഡര്‍ സര്‍വ്വീസിന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. നഗരത്തിലെ റസിഡന്‍ഷ്യല്‍ ഏര്യകളില്‍ ഉള്ളവരെ പ്രധാന റോഡില്‍ എത്തിക്കുന്നതിന് വേണ്ടിയും നഗരത്തിലെ ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ നൂതന പദ്ധതി നടപ്പാക്കുന്നത്.

ഫീഡര്‍ സര്‍വ്വീസിന്റെ ഉദ്ഘാടനം ഇന്നു രാവിലെ ഒന്‍പതിന് മണികണ്‌ഠേശ്വരത്ത് മന്ത്രി ആന്റണി രാജു നിര്‍വ്വഹിക്കും. വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ: വി.കെ പ്രശാന്ത് അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ട്രിഡ ചെയര്‍മാന്‍ കെ.സി വിക്രമന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ദൈനംദിന ഓഫീസ്, വാണിജ്യ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ അടക്കം ഉദ്ദേശിച്ചാണ് ഫീഡര്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. സിറ്റി സര്‍ക്കുലര്‍, ഫീഡര്‍ സര്‍വ്വീസുകളില്‍ യാത്ര ചെയ്യുന്നതിന് ഇരുചക്ര വാഹന യാത്രയെക്കാളും കുറഞ്ഞ യാത്രാ ചെലവ് മാത്രമേ വരുന്നുള്ളൂ എന്നതാണ് പ്രധാന ആകര്‍ഷണം. ആദ്യ ഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് കുത്തകാവകാശമുള്ള പ്രദേശങ്ങളിലാണ് ഇത്തരം ഫീഡര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഈ ബസുകളിലെ യാത്ര പൂര്‍ണ്ണമായും ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച് മാത്രമായിരിക്കും. ഈ ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച് സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍, സിറ്റി റേഡിയല്‍ സര്‍വ്വീസുകളിലും യാത്ര ചെയ്യാന്‍ സാധിക്കും.

സര്‍വ്വീസ് നടത്തുന്ന പ്രദേശത്തെ റസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ച് കാര്‍ഡിന്റെ വിതരണവും റീച്ചാര്‍ജ്ജിംഗും ലഭ്യമാക്കും. ഫീഡര്‍ ബസുകളിലും കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനുകളിലും കാര്‍ഡുകള്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. പ്രാരംഭമായി 100 രൂപയ്ക്ക് ചാര്‍ജ്ജ് ചെയ്താല്‍ 100 രൂപയുടെ യാത്രാ നടത്താന്‍ കഴിയും. 100 രൂപ മുതല്‍ 2000 രൂപ വരെ ഒരു ട്രാവല്‍ കാര്‍ഡില്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. ട്രാവല്‍ കാര്‍ഡ് മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്ത് ഉപയോഗിക്കാനും സാധിക്കും. 250 രൂപയ്ക്ക് മുകളിലുള്ള റീച്ചാര്‍ജ്ജുകള്‍ക്ക് 10 % അധിക മൂല്യം ലഭിക്കുന്നതാണ്.

ഒരു ഡ്രൈവര്‍ കം കണ്ടക്ടറാണ് ബസില്‍ ഉണ്ടാകുക, ടിക്കറ്റ് നല്‍കുന്നതിനായി പ്രത്യേകം കണ്ടക്ടറെ നിയോഗിക്കുന്നതല്ല. ഉടന്‍ തന്നെ ഫോണ്‍ പേ വഴിയുളള കോഡ് ടിക്കറ്റിംഗും നടപ്പിലാക്കും. ഏകദേശം 7.5 കി.മി ദൂരം വരുന്ന മൂന്നു ഫെയര്‍ സ്‌റ്റേജുകള്‍ക്ക് 10 രൂപ മിനിമം ടിക്കറ്റ് നിരക്ക് വരുന്ന തരത്തിലാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ പരിഷ്‌ക്കരിച്ച ഒരു മിനി ബസ് ഉപയോഗിച്ചാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സര്‍വ്വീസ് നടത്തുന്നത്. ബസിനുള്ളിലും പുറത്തും സി.സി. ടി വി ക്യാമറ, ഡാഷ് ക്യാമറ എന്നീ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാകും. രണ്ടാം ഘട്ടത്തില്‍ 6 മുതല്‍ 25 സീറ്റര്‍ വരെയുള്ള വാഹനങ്ങള്‍ ലീസ് വ്യവസ്ഥയില്‍ കരാറില്‍ ഏര്‍പ്പെട്ട് വരുമാനം പങ്ക് വയ്ക്കുന്ന തരത്തിലോ ലൈസന്‍സ് ഫീ അടിസ്ഥാനത്തിലോ തിരഞ്ഞെടുത്ത ഏരിയകളില്‍ സര്‍വ്വീസ് നടത്തുന്നതും പരിഗണനയിലുണ്ട്. ധാരാളം യുവജനങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സിയുമായി കരാറിലേര്‍പ്പെട്ട് സ്വയം തൊഴില്‍ കണ്ടെത്താന്‍ സാധിക്കുകയും ചെയ്യും.

Back to top button
error: