തിരുവനന്തപുരം: ഈ വര്‍ഷത്തെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളില്‍ തൃത്താലയില്‍ നടക്കും. ഫെബ്രുവരി 19ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരും സെക്രട്ടറിമാരും സമ്മേളനത്തില്‍ പങ്കെടുക്കും. മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി സ്വരാജ് ട്രോഫി സമ്മാനിക്കും. ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ഘട്ടത്തില്‍, പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സ്വരാജ് ട്രോഫി ജേതാക്കളെ നിര്‍ണയിക്കുന്നത്. ഇതിനായി വിശദമായ മാര്‍ഗരേഖ പുറത്തിറങ്ങി. ഫെബ്രുവരി ആദ്യവാരം പുരസ്‌കാരം പ്രഖ്യാപിക്കുമെന്ന് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു.
ജനുവരി 20നകം മുന്‍ഗണനാ ക്രമത്തില്‍ വീഡിയോകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിക്കണം. 23 മുതല്‍ 25 വരെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന 5 അംഗ ജൂറിയുടെ നേതൃത്വത്തില്‍ വീഡിയോകള്‍ ജില്ലകളില്‍ പരിശോധിക്കും. ഫെബ്രുവരി ഒന്നുമുതല്‍ മൂന്നുവരെ സംസ്ഥാനതല വിലയിരുത്തലും നടക്കും. ഇതോടൊപ്പം തദ്ദേശ സ്വയം ഭരണ ഭാരവാഹികളോട് ജൂറി സംവദിക്കും. അഞ്ചംഗ ജൂറിയില്‍ രണ്ടുപേര്‍ സ്ത്രീകളായിരിക്കും. ജനങ്ങള്‍ക്ക് കൂടി കാണാനാകുന്ന രീതിയിലാകും പ്രവര്‍ത്തനങ്ങള്‍. ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി വിലയിരുത്തല്‍ സംസ്ഥാന തലത്തിലാണ് നടക്കുക. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് വിലയിരുത്തല്‍ ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും നടക്കും. അടിസ്ഥാന മാനദണ്ഡങ്ങള്‍ അനുസരിച്ച് ലഭിക്കുന്ന മാര്‍ക്കും ജൂറിയുടെ വിലയിരുത്തലും അനുസരിച്ചാകും അന്തിമ ഫലപ്രഖ്യാപനം