കബൂൾ: അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചതിനു പിന്നാലെ, യാഥാസ്ഥിതിക നിലപാടുകൾ ഉപേക്ഷിച്ചെന്ന് അവകാശപ്പെട്ട താലിബാന്റെ തനിനിറം വെളിവാകുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതു കൂടാതെ ചികിത്സ സൗകര്യം കൂടി നിഷേധിക്കുകയാണ് താലിബാൻ. ഏറ്റവും ഒടുവിൽ അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയിലെ സ്ത്രീകൾക്ക് ചികിത്സയ്ക്കായി പുരുഷ ഡോക്ടറെ കാണാൻ കഴിയില്ല എന്ന പുതിയ നയം വന്നിരിക്കുകയാണ്.
പബ്ലിക് അഫയേഴ്‌സ് ആൻഡ് ഹിയറിങ് ഓഫ് താലിബാൻ കംപ്ലയിന്റ്‌സ് ഡയറക്ടറേറ്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അത് പ്രകാരം ഇവിടെ സ്ത്രീകൾക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാൻ അനുവാദമില്ല. അതോടെ, എന്തു ചെയ്യും എന്ന ആശങ്കയിലാണ് ജനങ്ങൾ. സ്ത്രീകൾക്ക് സർവകാലാശാല വിദ്യാഭ്യാസം നിഷേധിച്ച് അധികം വൈകും മുമ്പാണ് പുതിയ നിർദ്ദേശവുമായി താലിബാൻ എത്തിയിരിക്കുന്നത്.
ഗ്രൂപ്പ് ഓഫ് സെവൻ രാജ്യങ്ങളും താലിബാനോട് വനിതാ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഈ നിരോധനം എത്രയും വേഗം നീക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇവയൊന്നും തന്നെ താലിബാൻ കണക്കിലെടുത്തിട്ടില്ല. ഓരോ ദിവസവും പൊതുമേഖലകളിൽ നിന്നും സ്ത്രീകൾ തുടച്ചു മാറ്റപ്പെട്ടു കൊണ്ടിരിക്കുകയാണ്.