KeralaNEWS

മലങ്കര അണക്കെട്ടിൽ അറ്റകുറ്റപ്പണി; രണ്ട് ഷട്ടറിന്റെ റോപ് വേകൾ മാറ്റിസ്ഥാപിച്ചു 

തൊടുപുഴ: മലങ്കര അണക്കെട്ടിൽ അറ്റകുറ്റപ്പണി; രണ്ട് ഷട്ടറിന്റെ റോപ് വേ പൂര്‍ണമായും മാറ്റി പുതിയത് സ്ഥാപിച്ചു. മറ്റ് നാല് ഷട്ടറിന്റെ റോപ് വേകള്‍ രണ്ടാം ഘട്ടത്തിലാണ് മാറ്റി സ്ഥാപിക്കുന്നത്. അണക്കെട്ടിലെ ആറ് ഷട്ടറിന്റേയും റോപ് വേകള്‍ കാലപ്പഴക്കത്താല്‍ ദ്രവിച്ച് ഗുരുതരമായ അപകടാവസ്ഥയിലായിരുന്നു. ഇതേത്തുടര്‍ന്നാണ് റോപ് വേകള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ ജലവിഭവ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചത്.

മൂന്ന് ഷട്ടറിന്റെ റോപ് വേകള്‍ മാറ്റി സ്ഥാപിക്കാനാണ് തീരുമാനിച്ചതെങ്കിലും രണ്ടെണ്ണത്തിന്റെയാണ് മാറ്റിയത്. മൂന്നാമത്തേത് അഴിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ വന്നതിനെ തുടര്‍ന്ന് രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഇത് മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. രണ്ടാം ഘട്ട നവീകരണ ജോലികള്‍ ജലവിഭവ വകുപ്പിന്റെ ഉന്നത തലത്തിലുള്ള തീരുമാനത്തിന് ശേഷമേ നടക്കുകയുള്ളൂ. ഇതിന് സ്‌കൂബാ ഡൈവേഴ്‌സ് ഉള്‍പ്പെടെയുള്ള കൂടുതല്‍ സാങ്കേതിക സംവിധാനം ആവശ്യമുണ്ട്.

Signature-ad

ആറ് ഷട്ടറുകളില്‍ ഏറ്റവും ഗുരുതരമായ പ്രശ്‌നമുള്ള റോപ് വേയാണ് ഒന്നാം ഘട്ടത്തില്‍ മാറ്റി സ്ഥാപിച്ചത്. എം.വി.ഐ.പിയുടെ മെക്കാനിക്കല്‍ വിഭാഗം എ.ഇയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡൈവേഴ്‌സ് സംഘമാണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തിയത്. തിങ്കളാഴ്ച്ച രാവിലെ മുതല്‍ ആരംഭിച്ച ഒന്നാം ഘട്ട നവീകരണ പ്രവര്‍ത്തികള്‍ ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ അവസാനിച്ചു. വിദഗ്ധ ഡൈവേഴ്‌സ് സംഘം അണക്കെട്ടിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിചെന്നാണ് റോപ് വേകള്‍ അഴിച്ച് നവീകരണ പ്രവര്‍ത്തികള്‍ നടത്തിയത്. വെള്ളത്തിന്റെ അടിഭാഗത്താണ് റോപ് വേകള്‍ സ്ഥാപിച്ചിരിക്കുന്നത്.

അണക്കെട്ടിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി റോപ് വേ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ സംസ്ഥാനത്ത് അപൂര്‍വ്വമായിട്ടാണ് നടക്കുന്നത്. വര്‍ഷങ്ങളായി കൃത്യമായി നവീകരിക്കാത്തതിനാല്‍ ആറ് ഷട്ടറിന്റേയും അടിഭാഗം തകര്‍ന്ന് അണക്കെട്ടില്‍ നിന്ന് തൊടുപുഴ ആറ്റിലേക്ക് കടത്തി വിടുന്ന വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാത്ത ഗുരുതരമായ അവസ്ഥയായിരുന്നു. ജലനിരപ്പ് 36 മീറ്ററിലേക്ക് താഴ്ത്തി വെള്ളത്തിന്റെ അളവ് നിയന്ത്രിച്ചെങ്കില്‍ മാത്രമേ റോപ് വേയില്‍ നവീകരണ പ്രവര്‍ത്തികള്‍ സാധിക്കുകയുള്ളു. ഒരാഴ്ച്ചത്തെ സമയം വേണ്ടി വരുന്നതിനാല്‍ അണക്കെട്ടിലെ വെള്ളത്തിനെ ആശ്രയിച്ച് കഴിയുന്ന എഴോളം തദ്ദേശസ്ഥാപനങ്ങളിലെ ചെറുതും വലുതുമായ നൂറില്‍പ്പരം കുടിവെള്ള പദ്ധതികള്‍ പൂര്‍ണമായും സ്തംഭിക്കാന്‍ ഇടയാകുമായിരുന്നു.

പ്രദേശത്തെ തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍,വിവിധ സംഘടന നേതാക്കള്‍ എന്നിവര്‍ പ്രശ്‌നം സംബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്താതെ റോപ് വേ നവീകരിക്കാന്‍ മന്ത്രി ജലവിഭവ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. അണക്കെട്ടില്‍ നിന്നുള്ള രണ്ട് കനാലിലൂടെയും ജനുവരി 14 മുതല്‍ വെള്ളം കടത്തി വിടാനുള്ള തീവ്രമായ ശ്രമത്തിലാണ് ജലവിഭവ വകുപ്പ്. ആറ് റോപ് വേയും മാറ്റി സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് തുക 8 ലക്ഷമാണ്.

Back to top button
error: