IndiaNEWS

ജോഷിമഠിനു പിന്നാലെ അലിഗഢിലും വീടുകള്‍ക്കു വിള്ളല്‍, ആശങ്ക; പരിശോധനയ്ക്ക് നിർദേശം 

ലഖ്‌നൗ: ജോഷിമഠിനു പിന്നാലെ അലിഗഢിലും വീടുകള്‍ക്കു വിള്ളല്‍ പ്രത്യക്ഷപ്പെട്ടത് ആശങ്കയുണ്ടാക്കി. ഉത്തരാഖണ്ഡിലെ ജോഷിമഠിലും കര്‍ണപ്രയാഗിലും ഭൂമി ഇടിഞ്ഞുതാഴുന്നതു മൂലം കെട്ടിടങ്ങള്‍ക്കു കേടുപാടുണ്ടായ സാഹചര്യത്തില്‍ അലിഗഢിലെ ജനങ്ങളില്‍ വലിയ പരിഭ്രാന്തിയാണ് ഉണ്ടായിട്ടുള്ളത്. കന്‍വാരിയഗന്‍ജ് പ്രദേശത്താണ് വീടുകള്‍ക്കു വിള്ളല്‍ വീണിട്ടുള്ളത്. കഴിഞ്ഞ മൂന്നോ നാലോ ദിവസത്തിനിടയിലാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു. അധികൃതരെ അറിയിച്ചിട്ടും പ്രതികരണമൊന്നുമില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാൽ, സംഭവത്തെക്കുറിച്ച അന്വേഷിക്കുമെന്ന് അലിഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഡീഷനല്‍ കമ്മിഷണര്‍ രാകേഷ് കുമാര്‍ യാദവ് പറഞ്ഞു. ഇതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം സര്‍ക്കാര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചതിനു പിന്നാലെയാണ് വീടുകള്‍ക്കു വിള്ളല്‍ ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ പൈപ്പ്‌ലൈനില്‍ ചോര്‍ച്ചയുണ്ടെന്ന് ഇവര്‍ പറയുന്നു. അതിനിടെ, ജോഷിമഠിൽ വിള്ളൽ രൂപപ്പെട്ട വീടുകളുടെയും കെട്ടിടങ്ങളുടെയും എണ്ണം 723 ആയി. ഇതിൽ 86 കെട്ടിടങ്ങളാണ് ഏറ്റവും അപകടകരമായ അവസ്ഥയിൽ ഉള്ളത്. 131 കുടുംബങ്ങളിലെ 400ലധികം പേരെ മാറ്റി താമസിപ്പിച്ചു. അതീവ അപകടാവസ്ഥയിലുള്ള മലാരി ഇൻ, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകൾ പൊളിക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന ദുരന്തനിവാരണ സേന. മുന്നറിയിപ്പില്ലാതെ കെട്ടിടങ്ങൾ പൊളിക്കുന്നതിൽ വലിയ പ്രതിഷേധത്തിലാണ് നാട്ടുകാർ. കെട്ടിടങ്ങളുടെ മൂല്യം നിശ്ചയിച്ച് നഷ്ടപരിഹാരം നൽകിയശേഷം പൊളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കേന്ദ്രം നിയോഗിച്ച കൂടുതൽ സംഘങ്ങൾ ജോഷിമഠ് സന്ദർശിക്കുകയാണ്.

അതേസമയം നി‍ർമ്മാണ പ്രവ‍‍‍ർത്തനങ്ങൾ നി‍ർത്തിവയ്ക്കാൻ ഉത്തരവിട്ടിട്ടും ജോഷിമഠിലെ ഭൗമപ്രതിസന്ധിക്ക് ആക്കം കൂട്ടിയ എൻടിപിസി ജലവൈദ്യുതി പദ്ധതിയുടെ നി‍‍ർമ്മാണം തുടരുകയാണ്.

Back to top button
error: