കുറ്റിപ്പുറം മൂടാൽ സ്വദേശി ഷക്കീറയും രണ്ട് മക്കളും അവരുടെ 22 ദിവസത്തെ കായികാധ്വാനത്താൽ നിർമിച്ചെടുത്തത് പത്തുകോൽ ആഴമുള്ള കിണർ. 10 കോലിലെത്തിയപ്പോൾ കിഴക്ക് ഭാഗത്തുനിന്ന് ഒഴുകിയെത്തിയ നീരുറവയ്ക്കൊപ്പം കുടുംബാംഗങ്ങളുടെ കണ്ണുകളും ആഹ്ലാദം കൊണ്ടു നിറഞ്ഞൊഴുകി.
പ്രതികൂല സാഹചര്യങ്ങളോട് വർഷങ്ങളായി പടപൊരുതി ജീവിക്കുന്ന മൂടാൽ പാലാട്ടുപറമ്പ് കള്ളിയിൽ ഷക്കീറ (40)യും രണ്ട് മക്കളും സ്വന്തമായി കിണർ നിർമിച്ചത് അംഗീകാരങ്ങൾക്കൊന്നും വേണ്ടിയല്ല. അവരുടെ കൈവശം കിണർ കുഴിപ്പിക്കാനുള്ള പണം ഇല്ലാത്തതിനാലാണ്.
സ്കൂൾതല മത്സരങ്ങളിൽ മൂത്ത മകൻ മുഹമ്മദ് സിനാൻ മാപ്പിളപ്പാട്ടിലും ഉറുദു ഗാനാലാപനത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് ഭർത്താവ് ഉപേക്ഷിച്ച ഷക്കീറ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചാണ് മക്കളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
ഗ്രാമപ്പഞ്ചായത്ത് നൽകിയ രണ്ടുലക്ഷം രൂപയും ഇതുവരെ സ്വരുക്കൂട്ടിയ പണവുമെല്ലാം ചേർത്താണ് ഷക്കീറ പാലാട്ടുപറമ്പിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങിയത്.
സ്ഥലത്തിന്റെ പണം ഇനിയും ഭൂവുടമയ്ക്ക് മുഴുവനായും നൽകിയിട്ടുമില്ല. വീടിനുള്ള തറയുടെ നിർമാണം നടന്നുവരികയാണ്. വീട് നിർമിക്കാനുള്ള ഫണ്ടിനുള്ള അപേക്ഷ ഗ്രാമപ്പഞ്ചായത്തിൽ സമർപ്പിച്ചത് അനുവദിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ നിർധന കുടുംബം.