Movie

മലയാളത്തിൻ്റെ ഗന്ധർവ ഗായകന് നാളെ 83-ാം പിറന്നാൾ, ആ സംഗീത ജീവിതത്തിലെ ചില നാഴികക്കല്ലുകൾ

സിനിമ ഓർമ്മ

നാളെ, ജനുവരി 10ന് ഗന്ധർവ ഗായകൻ യേശുദാസിന്റെ 83-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പാട്ടു ജീവിതത്തിലെ ചില വിശേഷങ്ങൾ ഇതാ:

1. സംഗീത സംവിധായകരിൽ ദേവരാജന്റെ ചലച്ചിത്ര ഗാനങ്ങളാണ് യേശുദാസ് ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത്. 654 ഗാനങ്ങൾ. രണ്ടാമത് രവീന്ദ്രൻ സംഗീതം ചെയ്‌ത ഗാനങ്ങൾ (339). എ റ്റി ഉമ്മർ, ദക്ഷിണാമൂർത്തി, ശ്യാം, എംകെ അർജ്ജുനൻ, ജോൺസൺ, മോഹൻ സിത്താര, എസ് പി വെങ്കിടേഷ്, എം.എസ് ബാബുരാജ് തുടങ്ങിയവരുടെ ഗാനങ്ങളാണ് എണ്ണത്തിന്റെ കാര്യത്തിൽ യഥാക്രമം തൊട്ടു പിന്നിൽ.

2. ഗാനരചയിതാക്കളിൽ ശ്രീകുമാരൻ തമ്പിയുടെ സിനിമാ ഗാനങ്ങളാണ് യേശുദാസ് കൂടുതൽ പാടിയിട്ടുള്ളത്. 501 ഗാനങ്ങൾ. വയലാറിന്റേതായി 445 ഗാനങ്ങൾ. അതിനു പിന്നിൽ പി ഭാസ്‌ക്കരൻ, കൈതപ്രം, ബിച്ചു തിരുമല, പൂവച്ചൽ ഖാദർ, ഓഎൻവി, ഗിരീഷ് പുത്തഞ്ചേരി, യൂസഫലി കേച്ചേരി എന്നിവരുടെ ഗാനങ്ങൾ.

3. സിനിമേതര ഗാനങ്ങളിൽ ആലപ്പി രംഗനാഥിന്റെ സംഗീത സംവിധാനത്തിലാണ് കൂടുതൽ പാട്ടുകൾ (136). കൂടുതൽ പാടിയ ലളിത ഗാനരചയിതാവ് എസ് രമേശൻ നായർ (93).

4. സിനിമാഗാനങ്ങളിൽ കൂടുതൽ പാടിയ രാഗം മോഹനം ആണ്.

5. യേശുദാസ് സംഗീതം നൽകിയ ചലച്ചിത്രഗാനങ്ങളുടെ എണ്ണം 49. കൂടുതലും വയലാറിന്റെയും തമ്പിയുടെയും ഗാനങ്ങൾ.

6. 1982ൽ 234 സിനിമാഗാനങ്ങളാണ് യേശുദാസ് പാടിയത്.

7. 1997ൽ തരംഗിണി പുറത്തിറക്കിയ സ്നേഹാർച്ചന എന്ന ക്രിസ്ത്യൻ സംഗീത ആൽബത്തിന് വേണ്ടി യേശുദാസ് ഒരു ക്രിസ്ത്യൻ ഭക്തിഗാനം എഴുതിയിട്ടുണ്ട്. ‘ബത്‌ലേഹം തൊഴുത്തിൽ’ എന്ന് തുടങ്ങുന്ന ആ ഗാനത്തിന് സംഗീതം പകർന്നതും പാടിയതും യേശുദാസ്.

8. ‘സ്വാമിയെൻ നാദത്തിൻ ഉറവിടമേ’, ‘പുള്ളോന്റെ പാട്ടുകൾ കേട്ട നിൻ കാതുകൾ അടിയന്റെ പാട്ടുകളും’ എന്നീ ഹിന്ദു ഭക്തിഗാനങ്ങൾ യേശുദാസ് എഴുതി, സംഗീതം നൽകി ആലപിച്ചവയാണ്. 2006ലെ തരംഗിണി ആൽബമായ ‘കാണിപ്പൊന്ന്’ അയ്യപ്പഗാനങ്ങളിലാണ് ഇവ രണ്ടും.

9. പന്ത്രണ്ട് സിനിമകളിൽ യേശുദാസ് അഭിനയിച്ചിട്ടുണ്ട്. 1965 -ൽ കാവ്യമേള എന്ന ചിത്രത്തിലായിരുന്നു ആദ്യം മുഖം കാട്ടിയത്. ‘സ്വപ്‌നങ്ങൾ, സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ’ എന്ന ഗാനം സ്റ്റേജിൽ ഓരോരുത്തരായി വന്ന് പാടുന്നവരുടെ കൂട്ടത്തിൽ യേശുദാസ് അനുപല്ലവി പാടുന്ന രംഗമാണ് സിനിമയിൽ.

10. റിലീസാകാനിരിക്കുന്ന ’14 ഫെബ്രുവരി’ എന്ന ചിത്രത്തിന് വേണ്ടി പാടിയ ‘അരികിൽ നീ തണലായ്‌ ഞാൻ’ എന്ന ഗാനമാണ് ഒടുവിലായി പുറത്തിറങ്ങിയ സിനിമാഗാനം. യേശുദാസിന്റെ പുതിയ ആൽബം ‘തനിച്ചൊന്ന് കാണാൻ’ നാളെ കൊച്ചിയിൽ മമ്മൂട്ടി പ്രകാശനം ചെയ്യും.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: