Movie

ഫാസിൽ- കമൽ ടീം അണിയിച്ചൊരുക്കിയ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ തീയേറ്ററിലെത്തിയിട്ട് ഇന്ന് 35 വർഷം

സിനിമ ഓർമ്മ

വേർപാടിന്റെയും പുനർസമാഗമത്തിന്റെയും കരളലിയിക്കുന്ന കഥ പറഞ്ഞ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 35 വർഷം. 1988 ജനുവരി 8നായിരുന്നു ഫാസിൽ തിരക്കഥയെഴുതി നിർമ്മിച്ച് കമൽ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ റിലീസ്. കഥ മധു മുട്ടം. ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ നിർമ്മിച്ച അവുസേപ്പച്ചനും സഹനിർമ്മാതാവായി ഉണ്ടായിരുന്നു ഈ സംരംഭത്തിൽ.
ബിച്ചു തിരുമല- ഔസേപ്പച്ചൻ ടീമിന്റെ ഗാനങ്ങൾ, രേവതിയുടെ കാക്കോത്തിയായുള്ള പെർഫോമൻസ് ഇവയൊക്കെ ചിത്രത്തിന് ഏറെ ജനപ്രീതി നേടിക്കൊടുത്തു. നായികാ പ്രാധാന്യമുള്ള ചിത്രത്തിന് ഇനീഷ്യൽ കളക്ഷൻ കുറവായിരുന്നെങ്കിലും മെല്ലെ മെല്ലെ ജനം ഈ ചിത്രത്തെ വരവേറ്റു തുടങ്ങുകയായിരുന്നു.
ചെറുപ്പത്തിൽ ഭിക്ഷാടനക്കാർ തട്ടിക്കൊണ്ടു പോയ അനുജത്തിയെ വർഷങ്ങൾക്ക് ശേഷം ആകസ്മികമായി കണ്ടുമുട്ടുന്ന ചേച്ചിയായി അംബികയും സ്വയംരക്ഷയ്ക്കും ചങ്ങാതിയെ രക്ഷിക്കാനുമായി തട്ടിക്കൊണ്ടുപോയവനെ കൊലപ്പെടുത്തിയ അനിയത്തിയായി രേവതിയും മലയാളി മനസ്സുകളെ കീഴടക്കി.
നാടകകൃത്തും നടനുമായ സുരാസുവിനെ സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി എന്നതിന്റെ ക്രെഡിറ്റും ‘കാക്കോത്തിക്കാവി’ന് അവകാശപ്പെട്ടതാണ്. വില്ലൻ വേഷത്തിലൂടെ വി.കെ ശ്രീരാമനും ബ്രെയ്ക്ക് നൽകി ഈ ചിത്രം.
‘മിന്നിത്തിളങ്ങുമെൻ പൊന്നിൻ കിനാക്കൾക്ക് നിന്നെയാണോമനേ ഏറെയിഷ്ടം’ എന്ന് ചേച്ചി- അനിയത്തി ബന്ധത്തെ വിശേഷിപ്പിച്ച ബിച്ചുവിന്റെ ‘കണ്ണാംതുമ്പി’ എന്ന ഗാനം സർവകാല ഹിറ്റാണ്.

Signature-ad

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: