ന്യൂഡൽഹി: ഗവർണർ സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് ഒഴിവാക്കാനുള്ള ബില്ലില്‍ തീരുമാനം എടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തനിക്ക് മുകളിലുള്ളവര്‍ തീരുമാനം എടുക്കട്ടേയേന്നാണ് ഗവര്‍ണറുടെ നിലപാട്. ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനാണ് ഗവർണറുടെ നീക്കം. വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രം തീരുമാനം എടുക്കാൻ ആകില്ലെന്നാണ് ഗവർണറുടെ നിലപാട്.
നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടർ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ പിന്നെ ബില്ലിൽ തീരുമാനം ഉടനൊന്നും സാധ്യതയില്ല. വിസി നിർണ്ണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മാസങ്ങളായി രാജ്ഭവനിൽ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.