KeralaNEWS

മൃഗ ചികിത്സാ സേവനങ്ങള്‍ ഇനി രാത്രിയിലും ലഭിക്കും; വെറ്ററിനറി മൊബൈല്‍ ക്ലിനിക്കുകള്‍ സജ്ജം

സേവനം ലഭിക്കാൻ ടോള്‍ ഫ്രീ നമ്പര്‍ 1962

തിരുവനന്തപുരം: സംസ്ഥാനത്തു മൃഗചികിത്സാ സേവനങ്ങള്‍ ഇനി രാത്രിയിലും ലഭിക്കും. കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സംവിധാനങ്ങള്‍ എത്തിക്കുക എന്ന ദീര്‍ഘനാളത്തെ സ്വപ്നം യാഥാര്‍ഥ്യമായി. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കേരളത്തിലെ 29 സഞ്ചരിക്കുന്ന വെറ്ററിനറി ക്ലിനിക്കുകളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി പര്‍ഷോത്തം പുരുഷാല ഫ്‌ലാഗ്ഓഫ് ചെയ്തു. 1962 എന്ന ടോള്‍ ഫ്രീ നമ്പര്‍ മുഖാന്തരം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകളുടെ സംസ്ഥാന കോള്‍സെന്ററിന്റെ ഉദ്ഘാടനം കേന്ദ്രവിദേശകാര്യ മന്ത്രിവി. മുരളീധരന്‍ ഉദ്ഘാടനംചെയ്തു. തിരുവനന്തപുരം കാര്യവട്ടത്തെ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു.

കേന്ദ്രവിഷ്‌കൃത പദ്ധതിയായ ‘ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്റ് ഡിസീസ് കണ്‍ട്രോള്‍’ എന്ന പദ്ധതിയുടെ കീഴില്‍ മൊബൈല്‍ വെറ്റിനറി യൂണിറ്റ് എന്ന ഘടകത്തിനു കീഴിലാണ് കേരള സംസ്ഥാനത്തിന് 29 മൊബൈല്‍ യൂണിറ്റുകള്‍ അനുവദിച്ചത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ 4.64 കോടി രൂപ അനുവദിച്ചിരുന്നു. ഒരു വാഹനത്തിന്റെ യൂണിറ്റ് കോസ്റ്റ് ചിലവ് 16 ലക്ഷം രൂപയാണ്. ഇതില്‍ വാഹനം വാങ്ങുന്ന ചിലവും, വാഹനത്തിന്റെ അകത്ത് ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുമാണ്. ഇത്തരത്തില്‍ 29 വാഹനങ്ങള്‍ വാങ്ങുകയും ആവശ്യമായ ചികിത്സ ഉപകരണങ്ങള്‍ വാഹനത്തിന്റെ അകത്ത് സജ്ജമാക്കുകയും ചെയ്ത്, പൂര്‍ണ്ണമായും സേവനത്തിനു സജ്ജമായിരിക്കുകയാണ്.

Signature-ad

സംസ്ഥാനത്തെ 29 ബ്ലോക്കുകളിലേക്കാണ് ഈ വാഹനങ്ങള്‍ അനുവദിച്ചിരിക്കുന്നത്. ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ 2 ബ്ലോക്കുകളില്‍ വീതവും, ഇടുക്കിയില്‍ 3 ബ്ലോക്കുകളിലേയ്ക്കുമാണ് ഈ വാഹനങ്ങള്‍ നല്‍കുന്നത്. ഈ വാഹനങ്ങളുടെ തുടര്‍ നടത്തിപ്പ് ചിലവ് 60% കേന്ദ്രസര്‍ക്കാരും 40% സംസ്ഥാന സര്‍ക്കാരും ചേര്‍ന്നു വഹിക്കും. കരാറടിസ്ഥാനത്തില്‍ ഓരോ വാഹനത്തിലും ഒരു വെറ്റിനറി ഡോക്ടര്‍, ഒരു പാരാവെറ്റ്, ഒരു ഡ്രൈവര്‍ കം അറ്റന്‍ഡന്റ് എന്നിങ്ങനെ മൂന്നു പേരുണ്ടാവും. പ്രാരംഭഘട്ടത്തില്‍ മേല്‍ പറഞ്ഞ 29 ബ്ലോക്കുകളില്‍ ഉച്ചക്ക് ശേഷം ഒരു മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് വാതില്‍പ്പടി സേവനം ലഭ്യമാകുക.

മൊബൈല്‍ യൂണിറ്റ്

വെളിച്ചമില്ലാത്ത സന്ദര്‍ഭങ്ങളില്‍ വെളിച്ചം ലഭ്യമാക്കുന്നതിന് ജനറേറ്റര്‍,സര്‍ജറി ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍, ടോള്‍ഫ്രീ നമ്പറില്‍ നിന്നുള്ള കര്‍ഷകരുടെ കോളുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ടാബ്ലറ്റ്, പശുക്കളില്‍ ഗര്‍ഭാധാരണത്തിന് കുത്തിവെപ്പ് നടത്തുന്നതിനുള്ള ഉപകരണങ്ങള്‍ തുടങ്ങിയ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ മൊബൈല്‍ യൂണിറ്റ്.

കാള്‍ സെന്റര്‍

ഈ മൊബൈല്‍ യൂണിറ്റുകള്‍ എല്ലാം തന്നെ ഒരു കേന്ദ്രീകൃത കാള്‍ സെന്റര്‍ സംവിധാനത്തിലൂടെ നിയന്ത്രിക്കും. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ‘1962’ എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ ഈ കാള്‍ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. അവരുടെ ആവശ്യങ്ങളും സംശയങ്ങളും പ്രസ്തുത കാള്‍ സെന്ററില്‍ അറിയിക്കാവുന്നതാണ്. മൊബൈല്‍ യൂണിറ്റുകള്‍ കര്‍ഷകരുടെ വീട്ടുപടിക്കല്‍ എത്തേണ്ടതുണ്ടെങ്കില്‍ കാള്‍സെന്റര്‍ ഈ യൂണിറ്റുകളെ കര്‍ഷകരുമായി ബന്ധിപ്പിക്കുന്നതാണ്. സംസ്ഥാനമൊട്ടാകെ സേവനം നല്‍കാന്‍ സാധിക്കുന്ന ഈ കാള്‍ സെന്റര്‍ സംവിധാനം, തിരുവനന്തപുരം ജില്ലയിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരു വെറ്റിനറി ഡോക്ടര്‍, 3 കാള്‍ എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ മുഖേനയാണ് ആദ്യഘട്ടത്തില്‍ ഇത് പ്രവര്‍ത്തിച്ച തുടങ്ങുക. ഘട്ടം-ഘട്ടമായി ഇതില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കും.

Back to top button
error: