കൊച്ചി: കൃത്രിമ ഗര്‍ഭധാരണത്തിനുള്ള പ്രായപരിധി പുനപരിശോധിക്കാൻ കേന്ദ്ര സർക്കാരിനു ഹൈക്കോടതിയുടെ നിർദേശം. പ്രായപരിധിയുടെ പേരില്‍ ദമ്പതികള്‍ക്ക് കൃത്രിമ ഗര്‍ഭധാരണം നിഷേധിക്കുന്ന സാഹചര്യം ഭരണഘടന ഉറപ്പ് നല്‍കുന്ന വ്യക്തി സ്വാതന്ത്യത്തിന് എതിരാണെന്നും ഹൈക്കോടതി പറഞ്ഞു. കൃത്രിമ ഗര്‍ഭധാരണ സാങ്കേതിക നിയന്ത്രണ നിയമം 2022 വകുപ്പ് 21 (ജി) പ്രകാരം കൃ്രതിമ ഗര്‍ഭം ധരിക്കുന്ന ദമ്പതികളില്‍ പുരുഷന്‍മാര്‍ക്ക് 55 വയസും സ്ത്രികള്‍ക്ക് 50 വയസും തികയാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഈ പ്രായ പരിധി പൂര്‍ത്തിയായാല്‍ ഈ നിയമ പ്രകാരം കൃത്രിമ ഗര്‍ഭധാരണം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന വ്യക്തി സ്വാതന്ത്യത്തിന് എതിരാണെന്ന് കാട്ടിയുള്ള 28 ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
ഹര്‍ജിക്കാരില്‍ മിക്കവരും നിയമം നിഷ്‌കര്‍ഷിക്കുന്ന പ്രായപരിധി തികയുന്നതിനു മുന്‍പ് തന്നെ ക്യത്രിമ ഗര്‍ഭധാരണത്തിനായി ചികിത്സ തുടരുന്നവരാണ്. ഇവര്‍ക്ക് കൃത്രിമ ഗര്‍ഭധാരണം നിഷേധിക്കുന്നത് യുക്തിരഹിതവും ഏകപക്ഷീയവും അകാരണവും അവകാശ ലംഘനവുമാണെന്ന് ഹൈകോടതി വിധിച്ചു. ഹര്‍ജിക്കാരില്‍ ചികിത്സയില്‍ ഇരിക്കുന്നവര്‍ക്ക് ചികിത്സ തുടര്‍ന്ന് പൂര്‍ത്തിയാക്കാനും കോടതി ഉത്തരവായി. അഡ്വ. ആകാശ് സത്യാനന്ദന്‍ , അഡ്വ. അലക്‌സ് സ്‌ക്കറിയ എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജികളില്‍ ജസ്റ്റീസ് വി.ജി അരുണിന്റെ വിധി. ഇതിനു പുറമെ, പ്രായപരിധി നിഷ്‌കര്‍ഷിക്കുന്ന വകുപ്പ് 21 (ജി) പുനഃപരിശോധിക്കാനും, ഒപ്പം ചികിത്സ തുടരുന്നവര്‍ക്കു പ്രായപരിധിയുടെ വിലക്ക് വരാതെ അത് പൂര്‍ത്തിയാക്കുവാന്‍ അനുവദിക്കുന്ന ഒരു വകുപ്പ് വേണമോ എന്ന് പരിശോധിക്കാനും ഹൈകോടതി കേന്ദ്ര സര്‍ക്കാരിന് മൂന്നു മാസം സമയം നല്‍കി.