Social MediaTRENDING

‘അല്‍ഫോന്‍സ് പുത്രന്‍ ഓവര്‍റേറ്റഡ് അല്ലേ ? ബേസിലിനുള്ള കഴിവിന്‍റെ 10 ശതമാനം വരുമോ?’ പ്രതികരണവുമായി അല്‍ഫോന്‍സ് പുത്രന്‍

പ്രേമം എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ജനപ്രിയ ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അതിന്‍റെ സംവിധായകന്‍ ഒരുക്കിയ ചിത്രമായതിനാല്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ഗോള്‍ഡ്. പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വലിയൊരു താരനിരയെ അണിനിരത്തി അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ ഗോള്‍ഡിന് പക്ഷേ ഭൂരിപക്ഷം പ്രേക്ഷകരുടെയും പ്രതീക്ഷകളുടെ അമിതഭാരം താങ്ങാനായില്ല. അതേസമയം ചിത്രം ഇഷ്ടപ്പെട്ടുവെന്ന് അറിയിച്ച ഒരു ചെറുവിഭാഗം പ്രേക്ഷകരും ഉണ്ടായിരുന്നു. ഡിസംബര്‍ 29 ന് ആയിരുന്നു ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രത്തിന്‍റെ ഒടിടി പ്രീമിയര്‍.

തിയറ്റര്‍ റിലീസിനു പിന്നാലെ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച ചര്‍ച്ച ഒടിടി റിലീസിനു പിന്നാലെ ഊര്‍ജ്ജസ്വലമായിട്ടുണ്ട്. ചിത്രത്തെ എഴുതിത്തള്ളുന്നവര്‍ പലപ്പോഴും രൂക്ഷമായ ഭാഷയിലാണ് തങ്ങളുടെ അഭിപ്രായം അറിയിക്കുന്നത്. അല്‍ഫോന്‍സ് പുത്രനെ നേരിട്ട് വിമര്‍ശിക്കുന്നവരുമുണ്ട്. അല്‍ഫോന്‍സിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കൊക്കെ താഴെ ഇപ്പോള്‍ ഗോള്‍ഡ് ആണ് ചര്‍ച്ച. അതില്‍ പല കമന്‍റുകള്‍ക്കും അദ്ദേഹം മറുപടി നല്‍കുന്നുമുണ്ട്. തന്നെയും ബേസില്‍ ജോസഫിനെയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു കമന്‍റിന് അദ്ദേഹം നല്‍കിയ പ്രതികരണം ശ്രദ്ധ നേടിയിരുന്നു.

Signature-ad

അല്‍ഫോന്‍സ് പുത്രന്‍ ഓവര്‍റേറ്റഡ് അല്ലേ എന്നായിരുന്നു ഒരു സിനിമാപ്രേമിയുടെ സംശയം. ബേസില്‍ ജോസഫിന് ഉള്ള കഴിവിന്‍റെ നൂറില്‍ 10 ശതമാനം പോലും ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നായിരുന്നു കമന്‍റ്. അതിന് അല്‍ഫോന്‍സിന്‍റെ മറുപടി ഇങ്ങനെ- അപ്പോള്‍ ഞാന്‍ ബേസില്‍ ജോസഫിന്‍റെ 10 ശതമാനം. താങ്ക്യൂ. ഞാന്‍ ഒട്ടും ഓവര്‍റേറ്റഡ് അല്ല ബ്രോ. വളരെ താഴ്ത്തി, നല്ല ഉഗ്രന്‍ പുച്ഛത്തോടെ തന്നെയാണ് സംസ്ഥാന അവാര്‍ഡ് ജൂറി എന്നെ ഉഴപ്പന്‍ എന്ന് വിളിച്ചത്. പിന്നെ സിംഹത്തിനെയും കടുവയെയും താരതമ്യം ചെയ്തോളൂ ബ്രോ. ദിലീഷ് പോത്തനെയും ബേസില്‍ ജോസഫിനെയും താരതമ്യം ചെയ്യൂ. എന്നെ വിട്ടേക്കൂ. ഞാന്‍ ഒറു ചെറിയ ഉറുമ്പന്‍ ആണെന്ന് വിചാരിച്ചാല്‍ മതി. അതേസമയം അല്‍ഫോന്‍സിനെ പ്രോത്സാഹിപ്പിക്കുന്നവരും ഉണ്ട്. തിരിച്ചുവരും എന്നറിയാം. അടുത്ത പടം പ്രേമത്തിനും മുകളില്‍ നില്‍ക്കണം എന്നാണ് ഒരു കമന്‍റ്.

Back to top button
error: