തിരുവനന്തപുരം: പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. പത്തനംതിട്ട മല്ലപ്പള്ളിയിൽ മാമ്മോദീസ ചടങ്ങിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. കീഴ്‍വായ്പൂർ സ്വദേശി റോജിന്റെ മകളുടെ മാമ്മോദീസ ചടങ്ങിൽ പങ്കെടുത്ത എഴുപത്തോളം ആളുകൾക്കാണ് വയറിളക്കവും ഛർദിയും ഉണ്ടായത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച കീഴ്‍വായ്പൂർ സെന്റ് തോമസ് പള്ളിയിൽ വെച്ചാണ് ചടങ്ങ് നടന്നത്. വെള്ളിയാഴ്ച രാവിലെ മുതലാണ് ഭക്ഷണം കഴിച്ചവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. ജില്ലയിലെ വിവിധ ആശുപത്രിയിലാണ് ആളുകൾ ചികിത്സ തേടിയത്. ചെങ്ങന്നൂർ ഓവൻ ഫ്രഷ് കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നാണ് ഭക്ഷണം എത്തിച്ചത്. മീൻകറിയിൽ നിന്നാണ് ഭക്ഷ്യവിഷ ബാധ ഏറ്റതെന്നാണ് സംശയം. സംഭവത്തിൽ കാറ്ററിംഗ് സ്ഥാപനത്തിനെതിരെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം ഗുരുതരാവസ്ഥയിൽ ഉണ്ടാരുന്ന കീഴ്‍വായ്പൂർ സ്വദേശി എബ്രഹാം തോമസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു.
ഇയാൾക്ക് വയറിളക്കവും ഛർദിയും ഉണ്ടായിരുന്നു. കുമ്പനാട് ആശുപത്രിയിൽ ചികിത്സയിലാണ് എബ്രാഹം തോമസ്. കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ഇളമ്പ സര്‍ക്കാര്‍ സ്കൂളിലെ എൻഎസ്എസ്, എസ്‍പിസി ക്യാമ്പിൽ പങ്കെടുത്ത 13 വിദ്യാര്‍ത്ഥിനികൾക്കും ഭക്ഷ്യവിഷബാധ. ആറ്റിങ്ങൽ ഗവണ്മെന്‍റ് ഗേൾസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഛര്‍ദ്ദിയും വയറുവേദനയുമായി വിദ്യാര്‍ത്ഥിനികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മട്ടാഞ്ചേരി മുണ്ടംവേലിയില്‍ നവംബര്‍ അവസാനവാരം മാമോദീസ ചടങ്ങിനിടെ കേടായ ബീഫ് ബിരിയാണി വിളമ്പിയതിന് കേറ്ററിങ്ങ് ഉടമയ്ക്കെതിരെ കേസ് എടുത്തിരുന്നു. ഭക്ഷണം കഴിച്ച ഏതാണ്ട് 30 ഓളം പേര്‍ക്ക് ചെറിച്ചിലും ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടതിനേ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.