KeralaNEWS

സജി ചെറിയാന് ക്ലീന്‍ ചിറ്റ്: കേരളാ പൊലീസിനെതിരെ കെ.സി. വേണുഗോപാല്‍; ‘കോടതിയില്‍ പച്ചക്കള്ളം പറഞ്ഞു’ 

തിരുവനന്തപുരം: കേരളാ പൊലീസ് കോടതിയിൽ കള്ളം പറഞ്ഞാണ് സജി ചെറിയാന് ക്ലീൻചിറ്റ് നൽകിയതെന്ന് ആരോപിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. രാജ്യത്തിന്റെ ഭരണഘടനയെ പരസ്യമായി അപമാനിച്ചതില്‍ ഒരു കുറ്റവും കണ്ടെത്താന്‍ കഴിയാത്ത കേരളാ പൊലീസിന്റെ ‘കാര്യക്ഷമത’യുടെ തുടര്‍ച്ചയാണ് സജി ചെറിയാന് മന്ത്രിസ്ഥാനം തിരികെ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനമെന്ന് അദ്ദേഹം ആരോപിച്ചു. സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിയ പൊലീസ് നടപടിയില്‍ കോടതിയില്‍ നിന്ന് അന്തിമ തീര്‍പ്പ് ഉണ്ടാകും മുമ്പേ മന്ത്രിക്കസേരയിലേക്ക് പൊന്നാടയിട്ട് സ്വീകരിക്കുന്ന സര്‍ക്കാര്‍ നടപടി അന്വേഷണം അടിമുടി അട്ടിമറിക്കപ്പെട്ടതിന്റെ ഒന്നാന്തരം തെളിവാണിതെന്നും വേണുഗോപാല്‍ ഫേസ്ബുക്കിൽ കുറിച്ചു.

വീഡിയോ രൂപത്തില്‍ പകല്‍ പോലെ വ്യക്തമായ തെളിവ് കണ്‍മുന്നിലിരിക്കെ കോടതിയില്‍ വേണ്ടത്ര തെളിവുകള്‍ ഉണ്ടാവാതെ പോയത് ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രിയുടെ കൂടി കഴിവ് പ്രകടമാക്കുന്നതാണ്. കോടതിക്ക് മുമ്പില്‍ പോലും പച്ചക്കള്ളം പറയാന്‍ മടിയില്ലാത്ത പൊലീസും അതിനെ നിയന്ത്രിക്കുന്ന സി.പി.ഐ.എമ്മും സജി ചെറിയാന്‍ അപമാനിച്ച ഭരണഘടനയെ വീണ്ടും വീണ്ടും അവഹേളിക്കുന്നതിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. എക്കാലവും അന്വേഷണ ഏജന്‍സികളെ തങ്ങള്‍ക്ക് വേണ്ടവിധം ഉപയോഗപ്പെടുത്തി കുറ്റകൃത്യങ്ങളില്‍ നിന്ന് വേണ്ടപ്പെട്ടവരെ രക്ഷിച്ചെടുക്കുന്ന സി.പി.ഐ.എം മുഖം കൂടിയാണ് വീണ്ടും ഇവിടെ കാണുന്നത്.

Signature-ad

മുന്‍പ് ബന്ധുനിയമന വിവാദത്തില്‍ രാജിവെച്ച ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനത്ത് തിരികെയെത്തിയപ്പോഴും അട്ടിമറിക്കപ്പെട്ട ഒരന്വേഷണം അവിടെയുണ്ടായിരുന്നു. അന്ന് വിജിലന്‍സ് ആയിരുന്നെങ്കില്‍ ഇന്ന് പൊലീസ് ആയെന്നത് വ്യത്യാസം. ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാന്‍ ഇന്നുവരെ ചെയ്ത തെറ്റ് മനസിലാക്കാനോ വിവാദ പരാമര്‍ശം പിന്‍വലിക്കാനോ തയ്യാറായിട്ടില്ല എന്നതാണ് ഏറ്റവുമധികം ഓര്‍ക്കേണ്ടതെന്നും വേണുഗോപാലിന്റെ കുറിപ്പിലുണ്ട്.

Back to top button
error: