ഐ.വി ശശിയുടെ ‘അഹിംസ’ തിയേറ്ററിലെത്തിയിട്ട് ഇന്ന് 41 വർഷം

സിനിമ ഓർമ്മ
ഐ.വി ശശിയുടെ മികച്ച ചിത്രങ്ങളിലൊന്ന് എന്ന് വാഴ്ത്തപ്പെടുന്ന ‘അഹിംസ’ റിലീസ് ചെയ്തിട്ട് ഇന്ന് 41 വർഷം. സാമുദായിക സ്പർദ്ധകൾക്കും രാഷ്ട്രീയ ദൂഷിത വലയങ്ങൾക്കും എതിരെ ഐ.വി ശശി ടി. ദാമോദരനുമൊത്ത് സൃഷ്ടിച്ച ശക്തമായ സിനിമകളിലൊന്നാണ് അഹിംസ. സാമൂഹികതിന്മകൾക്കെതിരെ ശബ്ദമുയർത്തിയ അങ്ങാടി, ഈ നാട്, ഇന്നല്ലെങ്കിൽ നാളെ, അടിമകൾ ഉടമകൾ എന്നിങ്ങനെയുള്ള ശശിച്ചിത്രങ്ങളുടെ പട്ടികയിൽ മേൽസ്ഥാനത്താണ് അഹിംസ. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് പി.വി ഗംഗാധരൻ നിർമ്മാണം.
മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചഭിനയിച്ച ആദ്യകാലചിത്രങ്ങളിൽ പ്രഥമസ്ഥാനമാണ് താരനിബിഡമായ അഹിംസയ്ക്ക്.
ടി.ദാമോദരൻ തിരക്കഥയെഴുതിയ നാൽപ്പതോളം ചിത്രങ്ങളിൽ ഏറിയവയും സംവിധാനം ചെയ്തത് ഐ.വി ശശിയാണ്. മണിരത്നം മലയാളത്തിൽ സിനിമയെടുത്തപ്പോൾ ‘ഈ നാട്’ പോലൊരു ഹിറ്റ് പ്രതീക്ഷിച്ചതിനാലാവാം ടി ദാമോദരന്റെ കഥയെ (ഉണരൂ) ആണ് ആശ്രയിച്ചത്.
‘അഹിംസ’യിൽ ബിച്ചു തിരുമല- എറ്റി ഉമ്മർ ടീം ഒരുക്കിയ നാല് പാട്ടുകളുണ്ടായിരുന്നു. ജലശംഖു പുഷ്പം, കാറ്റു താരാട്ടും, സുൽത്താനോ, ഞാനൊരു ദോബി ഇതിൽ ‘കാറ്റു താരാട്ടും’ ഇളയരാജയുടെ ‘താലാട്ടുതേ വാനം’ എന്ന ഗാനത്തിന്റെ അനുകരണമാണെന്ന് അന്നൊരു ആരോപണമുയർന്നിരുന്നു.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ






