
ശൈത്യകാലത്ത് ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളിലൊന്നാണ് ചുണ്ട് വിണ്ടുകീറുന്നത്. കഠിനമായ കാലാവസ്ഥ പലപ്പോഴും മൃദുവായ ചർമ്മത്തെ വരണ്ടതാക്കുകയും വിള്ളലുകൾ വീഴ്ത്തുകയും ചെയ്യുന്നു. ചുണ്ടുകളിൽ എണ്ണ ഗ്രന്ഥികൾ ഇല്ലാത്തതിനാൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ഈർപ്പം നിലനിർത്താൻ അവയ്ക്ക് കഴിയില്ല. പതിവായി നാവുകൊണ്ട് നനവ് നൽകുന്നത്, സൗന്ദര്യവർദ്ധക വസ്തുക്കളിലെ രാസഘടകങ്ങൾ, എരിവുള്ള ഭക്ഷണം എന്നിവയും ചുണ്ടിലെ ചർമ്മം വിണ്ടുകീറുന്നതിലേക്ക് നയിക്കും.
ഈ പ്രശ്‌നം സ്വയം സുഖപ്പെടുമെങ്കിലും ചിലപ്പോൾ അതൽപ്പം വേദനാജനകമായിരിക്കും. ശൈത്യകാലത്ത് ചുണ്ടുകൾക്ക് കൂടുതൽ പരിചരണം നൽകാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ ചില പ്രതിവിധികളുണ്ട്. ഈ പ്രതിവിധികളിലൂടെ നിങ്ങൾക്ക് ശൈത്യകാലത്തെ ചുണ്ട് പൊട്ടലിന് പരിഹാരം കാണാൻ സാധിക്കും. എന്തൊക്കെയാണ് ആ പ്രകൃതിദത്ത പരിഹാരങ്ങൾ എന്ന് നമുക്ക് നോക്കാം.
തേൻ
ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയ ഒരു പ്രകൃതിദത്ത ഘടകമാണ് തേൻ. ഇതിന് ധാരാളം രോഗശാന്തി ഗുണങ്ങളുണ്ട്. ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഒരു ഹൈഡ്രേറ്റിംഗ് ഏജന്റായും ഇത് പ്രവർത്തിക്കുന്നു. ഇത് മുറിവുകളെ അണുബാധയിൽ നിന്ന് തടയാൻ സഹായിക്കും. ചുണ്ട് പൊട്ടലിന് പരിഹാരമായി നിങ്ങൾക്ക് തേൻ ഉപയോഗിക്കാം. ഒരു കോട്ടൺ തുണി ഉപയോഗിച്ച് നിങ്ങൾക്ക് നേരിട്ട് ചുണ്ടിൽ തേൻ പുരട്ടാം. ചുണ്ടിന് ഒരു ഹൈഡ്രേറ്റിംഗ് മാസ്‌ക് എന്നപോലെ നിങ്ങൾക്ക് കറ്റാർ വാഴ അല്ലെങ്കിൽ അവശ്യ എണ്ണകൾ ഉപയോഗിച്ചും തേൻ പുരട്ടാം.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബാക്ടീരിയകൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന വായ്നാറ്റം ചെറുക്കുന്ന ഒരു ശക്തമായ ഒരു ഏജന്റാണ് ഇത്. ഇത് വീക്കം ഒഴിവാക്കാനും ചർമ്മത്തെ ജലാംശം നിലനിർത്താനും സഹായിക്കും. ഗ്രീൻ ടീ പുരട്ടുന്നത് വരണ്ട ചുണ്ടുകൾക്ക് ഒരു പരിഹാരമാണ്. തണുത്ത ഗ്രീൻ ടീ പുരട്ടി കഴുകിയ ശേഷം ചുണ്ടിന് അൽപം ലിപ് ബാം കൂടി പുരട്ടുക.
ഒലിവ് ഓയിൽ
ഒലീവ് ഓയിൽ ചർമ്മത്തിന്റെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ആന്റിഓക്സിഡന്റുകൾ നൽകുകയും ചെയ്യുന്നു. വിണ്ടുകീറിയ ചുണ്ടുകളെ ശാന്തമാക്കാൻ സഹായിക്കുന്ന രോഗശാന്തി ഗുണങ്ങളും ഇതിനുണ്ട്. ഉറങ്ങാൻ പോകുന്നതിനു മുമ്പ് ചുണ്ടിൽ ഒരു തുള്ളി ഒലിവ് എണ്ണ പുരട്ടാം. കറ്റാർ വാഴ ജെല്ലുമായി കലർത്തി നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു മാസ്‌ക് ആക്കിയും ഇത് ഉപയോഗിക്കാം.
ചെറുനാരങ്ങ
ചുണ്ടുകൾക്കും ചർമ്മം പൊട്ടുന്നതിനും മികച്ച പ്രതിവിധിയാണ് ചെറുനാരങ്ങ നല്ലതാണ്. ഇത് നേരിട്ട് ചുണ്ടിൽ പുരട്ടി ഒരു രാത്രി മുഴുവൻ വച്ച ശേഷം പിറ്റേന്ന് രാവിലെ കഴുകിക്കളയാവുന്നതാണ്. പഞ്ചസാര ചേർത്ത സ്‌ക്രബ് തയ്യാറാക്കിയും നാരങ്ങാനീര് ഉപയോഗിക്കാം. 10 മിനിറ്റ് നേരം വച്ചശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഈ മിശ്രിതം വരണ്ട ചർമ്മത്തെ ഇല്ലാതാക്കാനും നിങ്ങളുടെ ചുണ്ടുകൾക്ക് മൃദുത്വവും നൽകാനും സഹായിക്കും.
ബ്രൗൺ പഞ്ചസാര
ബ്രൗൺ പഞ്ചസാര ഉപയോഗിച്ച്, നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു സ്‌ക്രബ് ഉണ്ടാക്കാം. ഇത് ചർമ്മത്തിന്റെ പുറംതൊലിയിൽ നിന്ന് മുക്തി നേടാനും ചുണ്ടുകളിൽ മോയ്സ്ചറൈസർ നൽകാനും സഹായിക്കും. ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ ബ്രൗൺ ഷുഗർ, കറ്റാർ വാഴ ജെൽ അല്ലെങ്കിൽ തേൻ, ഒലിവ് ഓയിൽ എന്നിവ ചേർക്കുക. നിങ്ങളുടെ വിരലുകൾ ഉപയോഗിച്ച് സ്‌ക്രബ് പുരട്ടി ചുണ്ടുകളിൽ മൃദുവായി തടവുക. ഇത് അഞ്ച് മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.
ചുണ്ടുപൊട്ടലിന് പ്രതിവിധിയായി നിങ്ങൾക്ക് വീട്ടിൽ ഉപയോഗിക്കാവുന്ന മറ്റ് പ്രകൃതിദത്ത ചേരുവകളാണ് വെളിച്ചെണ്ണ, പെട്രോളിയം ജെല്ലി, റോസ് വാട്ടർ, കക്കിരി, വാനില എക്‌സ്ട്രാക്റ്റ് എന്നിവ.





