KeralaNEWS

കൊച്ചിക്ക് ഇന്ന് ഉറക്കമില്ലാത്ത രാത്രി, നഗരത്തിൽ പൊടിപൂരം, ഇന്നലെ രാത്രി തൊട്ടേ പുതുവത്സരാഘോഷം തുടങ്ങി

    കൊച്ചി നഗരം ഇന്ന് രാത്രി  ഉറങ്ങില്ല. പുതുവത്സരത്തെ വരവേൽക്കാനുള്ള ആഘോഷം ഇന്നലെ വൈകിട്ടേ ആരംഭിച്ചു. നഗരത്തിലെ ഹോട്ടലുകളിലും ജനസഞ്ചയങ്ങളിലും ആഘോഷം തിമിർക്കുമ്പോൾ  ഫോർട്ട്കൊച്ചിയിലെ തെരുവുകളിലാണ് ആഘോഷം . ഒരു മാസമായി കാർണിവലിന്റെ ആവേശത്തിലാണു ഫോർട്ട്കൊച്ചി.

പ്രധാന വീഥിയായ കെ.ബി ജേക്കബ് റോഡും മറ്റു പൈതൃക വഴികളും തോരണങ്ങളാലും വർണ ബൾബുകളാലും അലംകൃതമാണ്. പൈതൃക നഗരത്തിലെ പ്രവേശന കവാടമായ വെളി മൈതാനിയിലെ കൂറ്റൻ മഴമരം എണ്ണമറ്റ വൈദ്യുത വിളക്കുകളുടെയും നക്ഷത്രങ്ങളുടെയും പ്രകാശത്തിൽ സന്ദർശകർക്കു സെൽഫി എടുക്കാൻ പാകത്തിൽ പ്രൗഢിയോടെ ജ്വലിച്ചു നിൽക്കുന്നു.

Signature-ad

വാസ്കോഡ ഗാമ സ്ക്വയറിൽ 65 കൊടി മരങ്ങളിൽ കാർണിവലിനോടു സഹകരിക്കുന്ന സംഘടനകളുടെ പതാകകൾ പാറിക്കളിക്കുന്നു. സംഘടനകളുടെ പങ്കാളിത്തം ഓരോ വർഷം കൂടുന്നതു തന്നെ കാർണിവലിന്റെ ജനകീയതയ്ക്കു തെളിവാണ്. മട്ടാഞ്ചേരിയിലും ഫോർട്ട്കൊച്ചിയിലും താമസിക്കുന്ന വിവിധ ഭാഷാ സമൂഹങ്ങളും ഇപ്രാവശ്യം കാർണിവൽ ആഘോഷത്തിൽ പങ്കാളികളാണ്.

കുടുംബങ്ങളുടെ കൂടിച്ചേരൽ കൂടിയാണു കൊച്ചിയിലെ ആഘോഷം. വിദേശ രാജ്യങ്ങളിൽ ഉള്ളവർ അടക്കം കൊച്ചിയിലെ വീടുകളിൽ ഒത്തുചേരലിനായി ഡിസംബറിൽ എത്തുന്നു.

അധിനിവേശത്തിന്റെ ഓ‍ർമകൾ ഇന്നും മായാതെ നിൽക്കുന്ന കൊച്ചിക്കു പുതുവർഷ പിറവി ഒരുമയുടെയും സ്നേഹത്തിന്റെയും പ്രതീകമാണ്. പതിനായിരങ്ങളാണു പുതുവർഷത്തെ വരവേൽക്കാനും പുതുവത്സര ദിനത്തിലെ വർണാഭമായ കാർണിവൽ റാലി കാണാനും ഫോർട്ട്കൊച്ചിയിലേക്ക് ഒഴുകി എത്തുന്നത്.

ഐക്യരാഷ്ട്ര സഭ 1984ൽ ലോക യുവജന വർഷം പ്രഖ്യാപിച്ചപ്പോൾ സമാധാനം, പങ്കാളിത്തം, വികസനം, പരിസ്ഥിതി, സാഹസം എന്നീ അഞ്ച് മുദ്രാവാക്യങ്ങളോടെയാണു കാർണിവൽ ആഘോഷത്തിനു തുടക്കം കുറിച്ചത്. അതിനു മുൻപു പുതുവത്സര ദിനത്തിൽ എല്ലാ ദിക്കുകളി‍ൽ നിന്നും ജനം ബീച്ചിലേക്ക് എത്തുമായിരുന്നു. നാടിന്റെ പല ഭാഗങ്ങളിലും പ്രഛന്നവേഷ റാലികളും മറ്റു പരിപാടികളും ഉണ്ടാകും. കുടുംബമായി റോഡിലേക്ക് ഇറങ്ങുന്ന ജനം അതെല്ലാം കണ്ട്  അവസാനം ഒത്തുചേരുന്നതു വിശാലമായ ബീച്ചിൽ ആയിരുന്നു. ഈ ആഘോഷങ്ങളെല്ലാം ഒരു കുടക്കീഴിലേക്കു മാറ്റിയാലോ എന്ന ചിന്തയിൽ നിന്ന് ഉയർന്നതാണ് ഇന്നത്തെ കാർണിവൽ.

ബീച്ച് ഫെസ്റ്റിവൽ എന്ന പേരിലായിരുന്നു തുടക്കം. അന്നത്തെ ‍ഡപ്യൂട്ടി മേയർ കെ.ജെ സോഹൻ ചെയർമാനും ആർഡിഒ ആയിരുന്ന കെ.ബി.വത്സലകുമാരി വൈസ് ചെയർമാനുമായ കമ്മിറ്റിയാണ് ആദ്യ ബീച്ച് ഫെസ്റ്റിവലിന്റെ ഭാരവാഹികൾ. പലയിടങ്ങളിലായി നടന്നിരുന്ന 5 പ്രഛന്നവേഷ റാലികൾ ഒരുമിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് ഓരോ വർഷവും ജനപങ്കാളിത്തം കൂടി വന്നു.

വീണ്ടും 2 വർഷം കഴിഞ്ഞാണു സമാധാന സന്ദേശവുമായി യുദ്ധസ്മാരകത്തിനു മുന്നിലെ ചടങ്ങുകൾ ആരംഭിച്ചത്. രാജ്യത്തിനായി ജീവൻ ത്യജിച്ച വീര സൈനികരുടെ ഓർമകൾക്കു മുന്നിൽ ആദരവ് അർപ്പിക്കുകയും സെന്റ് ഫ്രാൻസിസ് പള്ളി അങ്കണത്തിലെ യുദ്ധസ്മാരകത്തിനു മുന്നിൽ പ്രതിജ്ഞയെടുക്കുകയും ചെയ്യുന്ന ചടങ്ങോടെയാണു കാർണിവൽ ആഘോഷം ആരംഭിക്കുന്നത്. പിന്നീടു പുതുവത്സര ദിനം വരെ കലയുടെയും കായിക മാമാങ്കങ്ങളുടെയും ഒത്തുചേരൽ.

Back to top button
error: