തിരുവനന്തപുരം: കത്ത് വിവാദത്തില്‍ ഡി.ആര്‍. അനിലിനെ ബലിയാടാക്കി പ്രതിപക്ഷം സമരം അവസാനിപ്പിക്കാനായെങ്കിലും, മേയര്‍ ആര്യാ രാജേന്ദ്രന്റെ സമീപനത്തില്‍ സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തി. മേയറെ നീക്കില്ലെന്ന് തുടക്കം മുതലേ നിലപാട് എടുത്തിരുന്ന പാര്‍ട്ടി, കോടതി വിധിക്കനുസരിച്ച് തീരുമാനമെടുക്കാമെന്ന് സമവായ ചര്‍ച്ചയില്‍ സമ്മതിച്ചത് ഇതിന്റെ തുടര്‍ച്ചയാണ്. കേസിന്റെ മുന്നോട്ടുള്ള സാഹചര്യം മനസിലാക്കി പാര്‍ട്ടി തുടര്‍ തീരുമാനങ്ങള്‍ എടുക്കും.
മേയറുടെ കത്ത് പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ വിവാദത്തില്‍ ഡി.ആര്‍. അനിലിനെ മാത്രം ബലിയാടാക്കി തടിയൂരിയെങ്കിലും സി.പി.എം നേതൃത്വം മേയര്‍ക്ക് ഇതുവരെയും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. താന്‍ കത്തെഴുതിയിട്ടില്ലെന്ന മേയറുടെ വാദം മാത്രം അംഗീകരിച്ച് മുന്നോട്ടു പോകുമ്പോഴും, മേയറുടെ സമീപനത്തില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട്. ആകെയുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് മതിപ്പുണ്ടെങ്കിലും കത്ത് വിവാദത്തില്‍ വീഴ്ചയുണ്ടായെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം.
പ്രതിപക്ഷസമരം 56 ദിവസം മുന്നോട്ടു കൊണ്ടുപോയതില്‍ തദ്ദേശമന്ത്രി എം.ബി. രാജേഷിനും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്കും കടുത്ത അതൃപ്തിയുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തുകൊണ്ടു മാത്രമേ തദ്ദേശസ്വയംഭരണ സ്ഥാനപങ്ങളില്‍ ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂവെന്നിരിക്കെ, ആര്യാ രാജേന്ദ്രന്‍ അക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്നാണ് പൊതുവികാരം.
മേയറുടെ രാജിയില്ലെന്ന നിലപാടില്‍ ഇന്നലത്തെ സമവായ ചര്‍ച്ചയില്‍ സി.പി.എം ഉറച്ചുനിന്നില്ല. കോടതിവിധിക്ക് അനുസരിച്ച് തീരുമാനിക്കാമെന്ന സമീപനം, വരാനിടയുള്ള രാഷ്്ട്രീയ നീക്കങ്ങളുടെകൂടി സൂചനയാണ്.