നടനും, തിരക്കഥാകൃത്തുമായിരുന്ന നാഗവള്ളി ആർ.എസ് കുറുപ്പ് വിട പറഞ്ഞിട്ട് ഇന്ന് 19 വർഷം
സിനിമ ഓർമ്മ
ബഹുമുഖ പ്രതിഭയായിരുന്നു നാഗവള്ളി ആർ എസ് കുറുപ്പ്. നടൻ, നാടകകൃത്ത് , തിരക്കഥാകൃത്ത് എന്നീ മേഖലകളിലൊക്കെ തിളങ്ങിയ അദ്ദേഹത്തിൻ്റെ ചരമവാർഷിക ദിനമാണിന്ന്. 2003 ഡിസംബർ 27നാണ് നാഗവള്ളി അന്തരിച്ചത്. വേണു നാഗവള്ളിയുടെ അച്ഛൻ എന്ന പിൽക്കാല ലേബലിനേക്കാൾ, തിരക്കഥാരംഗത്ത് സ്വന്തം കരുത്ത് പണ്ടേ തെളിയിച്ച പ്രഗത്ഭനായിരുന്നു അദ്ദേഹം. മനശ്ശാസ്ത്ര അധ്യാപകൻ, ഓൾ ഇന്ത്യ റേഡിയോ പ്രൊഡ്യൂസർ എന്ന നിലയിലും അദ്ദേഹം പേരെടുത്തിരുന്നു.
പുരാണകഥകളെ ആസ്‌പദമാക്കിയുള്ള ഭക്തകുചേല, ശ്രീരാമപട്ടാഭിഷേകം, കുമാരസംഭവം, ശ്രീ ഗുരുവായൂരപ്പൻ, ചോറ്റാനിക്കര അമ്മ, അംബ, അംബിക, അംബാലിക എന്നിവ അദ്ദേഹം തിരക്കഥ രചിച്ച ചിത്രങ്ങളിൽ ചിലതാണ്.
പുരാണചിത്രങ്ങൾ വിട്ട് മലയാളത്തിൽ ആദ്യമായിറങ്ങിയ റിയലിസ്റ്റിക് ചിത്രത്തിന്റെ (ന്യൂസ് പേപ്പർ ബോയ്) സംഭാഷണം നാഗവള്ളി ആയിരുന്നു. 1950 ലാണ് എൻ പി ചെല്ലപ്പൻ നായരുടെ കഥയിൽ ‘ചന്ദ്രിക’ എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം ആദ്യമായി തിരക്കഥ എഴുതുന്നത്. തുടർന്ന് കറുത്ത രാത്രികൾ ഹോട്ടൽ ഹൈറേഞ്ച്, ഹൃദയം ഒരു ക്ഷേത്രം, റൗഡി രാജമ്മ, രണ്ടു ജന്മം, കാൻസറും ലൈംഗിക രോഗങ്ങളും മുതലായ ചിത്രങ്ങൾ. ഒടുവിലായി മമ്മൂട്ടിച്ചിത്രമായ ‘ആയിരപ്പറ’യ്ക്ക് വേണ്ടിയാണ് അദ്ദേഹം തിരക്കഥയെഴുതിയത്. അദ്ദേഹത്തിന്റെ മകൻ വേണു നാഗവള്ളിയായിരുന്നു സംവിധായകൻ.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ