KeralaNEWS

ദർശന സായൂജ്യത്തിനായി ഭക്തലക്ഷങ്ങൾ, ശബരിമലയിൽ ഇതുവരെ തീര്‍ഥാടകര്‍ 29 ലക്ഷം പിന്നിട്ടു, വരുമാനം 222.98 കോടി

ശബരിമല: ഇത്തവണ ഇതുവരെ ശബരിമലയിൽ ദർശനം നടത്തിയത് 29 ലക്ഷത്തിലേറെ അയ്യപ്പ ഭക്തർ. 222 കോടി 98 ലക്ഷം രൂപ നടവരുമാനമായി ലഭിച്ചുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ. 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്. 222,98,70,250 രൂപയാണ് മൊത്തവരുമാനം. 70,10,81,986 രൂപ കാണിക്കയും. 29,08,500 തീര്‍ഥാടകര്‍ എത്തി. ഇതില്‍ 20 ശതമാനത്തോളം കുട്ടികളാണ്. രണ്ടു വര്‍ഷത്തോളം നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വര്‍ധിക്കാന്‍ കാരണമെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

കുട്ടികള്‍ക്കും അംഗപരിമിതര്‍ക്കും പ്രായമായര്‍ക്കും വേണ്ടി ഇക്കുറി ഏര്‍പ്പെടുത്തിയ പ്രത്യേക ക്യൂ ഫലപ്രദമാണ്. പരമാവധി പരാതി കുറച്ച് തീര്‍ഥാടനം ഇക്കുറി പൂര്‍ത്തിയാക്കാനായി. ഒരു ദിവസം മാത്രമാണ് ദര്‍ശനത്തിന് ആളുകള്‍ക്ക് കൂടുതല്‍ നേരം നില്‍ക്കേണ്ടി വന്നതായി ആക്ഷേപമുയര്‍ന്നത്. ശബരിമലയില്‍ തിരക്ക് സ്വഭാവികമാണ്. എന്നാല്‍ സാധാരണയില്‍ കൂടുതല്‍ നേരം ഭക്തര്‍ക്ക് ദര്‍ശനത്തിന് കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടായാല്‍ അതു പരിശോധിക്കുന്നതാണെന്നും അനന്തഗോപന്‍ പറഞ്ഞു.

Signature-ad

അതേസമയം മണ്ഡല കാലത്ത് കെ. എസ്.ആർ.ടി.സിക്കും മികച്ച വരുമാനമാണ് ലഭിച്ചത്. കെ.എസ്.ആര്‍.ടി.സി നിലയ്ക്കല്‍-പമ്പാ റൂട്ടില്‍ നടത്തിയത് ഒരു ലക്ഷത്തോളം ചെയിന്‍ സര്‍വീസുകള്‍. വ്യാഴാഴ്ച്ച വരെയുള്ള കണക്ക് പ്രകാരം 92,791 സര്‍വീസുകളിലായി 46 ലക്ഷം തീര്‍ഥാടകര്‍ യാത്രചെയ്തു. 21 കോടി രൂപയാണ് കോപ്പറേഷന്റെ വരുമാനം.

204 ബസുകളാണ് ചെയിന്‍ സര്‍വീസിനായി ഉപയോഗിക്കുന്നത്. 144 നോണ്‍ എ.സിയും 60 എ.സി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പമ്പാ ഡിപ്പോയില്‍ നിന്നു മാത്രം 22,814 സര്‍വീസുകള്‍ കോപ്പറേഷന്‍ ഇതുവരെ നടത്തി. 2.85 ലക്ഷം പേര്‍ യാത്ര ചെയ്തതായാണ് കണക്ക്. 3.45 കോടി രൂപയാണ് സ്‌പെഷ്യല്‍ സര്‍വീസുകളില്‍നിന്ന് കളക്ഷന്‍ ലഭിച്ചത്. ശബരിമലയില്‍ ഏറ്റവുമധികം തീര്‍ഥാടകരെത്തിയത് 21നാണ്. അന്ന് റെക്കോഡ് ദിവസ വരുമാനം കെ.എസ്.ആര്‍.ടി.സി നേടിയിരുന്നു. ഒരുകോടിയിലധികം രൂപയാണ് ഒരുദിവസത്തെ സര്‍വീസില്‍നിന്നുമാത്രം നേടിയത്.

Back to top button
error: