വിരുന്നുവന്നവർ വീട്ടുകാരായി, റെയ്ന്‍ ഫോറസ്റ്റ് പ്ലം കൃഷിയും കേരളത്തിൽ വ്യാപകമാകുന്നു
നാടൻ പഴങ്ങളെക്കാൾ ഇന്ന് കേരളത്തിൽ ആവശ്യക്കാരേറേയുള്ളത് വിദേശ പഴങ്ങൾക്കാണ്. വിരുന്നു വന്നവരാണെങ്കിലും പല ഇനങ്ങളും ഇന്ന് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. റബറിനുണ്ടായ വിലത്തകര്‍ച്ചയും തെങ്ങ് – കവുങ്ങ് എന്നിവയുടെ വിളവെടുപ്പിന് തൊഴിലാളികളെ ലഭിക്കാന്‍ പ്രയാസമായതും പലതരം പഴങ്ങളുടെ കൃഷി കേരളത്തില്‍ വ്യാപിക്കാന്‍ കാരണമായി. റംബുട്ടാന്, അവാക്കാഡോ, മാംഗോസ്റ്റീന്‍, അബിയു, വിയറ്റ്നാം ഏര്‍ലി പോലെ പെട്ടെന്ന് വിളവ് നല്കുന്ന പ്ലാവ് ഇനങ്ങള്‍ എന്നിവയെല്ലാം കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ടിപ്പോള്‍. ഈ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ഇനമാണ് റെയ്ന്‍ ഫോറസ്റ്റ് പ്ലം.
ബ്രസീലാണ് റെയ്ന്‍ ഫോറസ്റ്റ് പ്ലമ്മിന്റെ ജന്മദേശം. അബിയുവിനെപ്പോലെ ആമസോണ്‍ കാടുകളില്‍ നിന്ന് ഉത്ഭവിച്ച ചെടിയാണിത്. 10-12 അടി നീളത്തില്‍ വളരുന്ന കുറ്റിച്ചെടി. വളരെ എളുപ്പത്തില്‍ ചെടികള്‍ വളരും. തൈ നട്ടു രണ്ടു വര്‍ഷം കൊണ്ടു കായ്ക്കും. നല്ല സൂര്യപ്രകാശം ചെടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. സാധാരണ ഫല വൃക്ഷങ്ങള്‍ നടുന്നതു പോലെ കുഴിയെടുത്ത് ജൈവവളങ്ങള്‍ നിറച്ച് തൈ നടാം.
നല്ല പരിചരണം നല്കിയാല് രണ്ടു വര്‍ഷം കൊണ്ടു കായ്ക്കും. പൂക്കള്‍ വലിയ കൂട്ടങ്ങളായാണ് ഉണ്ടാകുക. പഴങ്ങള്‍ ആഴ്ചകള്‍ക്ക് ശേഷം പാകമാകും. പഴുത്തു പകമാകാറായ പഴം ബ്ലാക്ക് നിറത്തില്‍ കാണപ്പെടുന്നു. വൃത്താകൃതിയിലുള്ളതും ചെറുതായി നീളമേറിയതോ ആയ കായ, പള്‍പ്പ് നിറഞ്ഞതും മിതമായ മധുരത്തോടുകൂടിയതും ജബോട്ടിക്കാബയുടേതിന് സമാനമായതുമാണ്. പൂവിടുന്ന സമയത്തും കായ്ക്കുന്ന സമയത്തും നല്ല ജലസേചനം ആവശ്യമാണ്.
മരുന്നും ജാമും
മിതമായ മധുരത്തോട് കൂടിയ റെയ്ന്‍ ഫോറസ്റ്റ് പ്ലം ജാമുണ്ടാക്കാന്‍ ഏറെ അനുയോജ്യമാണ്. ഇതിന്റെ ഇലകളും പഴവും മരുന്നായി ഉപയോഗിക്കുന്നവരുമുണ്ട്. ബ്രസീലിലെ സെര്ജൈപ് മേഖലയിലുള്ളവര്‍ പനി, വേദന എന്നിവയ്ക്കുള്ള നാടന്‍ ചികിത്സയ്ക്ക് ഇതിന്റെ ഇല ഉപയോഗിക്കാറുണ്ട്. കേരളത്തില്‍ പല നഴ്സറികളിലും ഈ ചെടിയുടെ തൈ ലഭ്യമാണ്.