കുഞ്ഞേനാച്ചൻ എന്ന 90കാരൻ കാരണവരായി കൊട്ടാരക്കര ശ്രീധരൻ നായർ വേഷപകർച്ച നടത്തിയ ‘അരനാഴികനേരം’ റിലീസ് ചെയ്തിട്ട് 52 വർഷം
സിനിമ ഓർമ്മ
വിഖ്യാത മലയാള നോവൽ അരനാഴികനേരം പ്രസിദ്ധീകൃതമാവുന്നത് 1967ലാണ്. മൂന്ന് വർഷങ്ങൾക്കകം കെ.എസ് സേതുമാധവൻ അത് സിനിമയാക്കി. നിർമ്മാണം മഞ്ഞിലാസ്. ആ വർഷത്തെ മികച്ച സംവിധായകൻ, കഥാകൃത്ത് (പാറപ്പുറത്ത്), നടൻ (കൊട്ടാരക്കര ശ്രീധരൻ നായർ) എന്നീ അവാർഡുകൾ അരനാഴികനേരം കരസ്ഥമാക്കി.
ഒരു 90കാരൻ കാരണവരുടെ വീക്ഷണത്തിലൂടെ ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ സാമൂഹികചിത്രം വരച്ചുകാട്ടുകയാണ് ഈ കലാസൃഷ്ടിയിൽ. മനുഷ്യന്റെ സ്വാർത്ഥ മോഹങ്ങളും മോഹഭംഗങ്ങളും കണക്കുകൂട്ടലുകളും കണക്കുതെറ്റലുകളും വന്നു മറയുന്ന മഹാജീവിതത്തിന്റെ കഥയാണ് ഈ ചിത്രം.
പ്രേമവും ഒളിച്ചോട്ടവും പാപമായി കരുതിയിരുന്ന ഒരു സമൂഹത്തിൽ പ്രണേതാക്കളെ വിവാഹത്തിലേയ്ക്ക് അനുഗ്രഹിച്ച കുടുംബകാരണവരാണ് കൊട്ടാരക്കര ജീവൻ പകർന്ന കുഞ്ഞേനാച്ചൻ. സുഹൃത്ത് (അടൂർഭാസി) കൊണ്ടു കൊടുക്കുന്ന കറുപ്പ് കഴിക്കുന്നതിലൂടെയാണ്, ദീനം പിടിച്ചു കിടക്കുന്ന ആ കാരണവർ ഉന്മേഷം കണ്ടെത്തുന്നത്. ഒടുവിൽ ആ സുഹൃത്തും സ്വന്തം മരുമകളും തമ്മിലുള്ള അവിഹിത വേഴ്ച കൂടി കാണേണ്ടി വന്നതോടെ ആ വൃദ്ധൻ സംസാര ശേഷി നഷ്ടപ്പെട്ട് വീണു. ഒരു സമൂഹത്തിന്റെ ധാർമ്മികാധഃപതനം കൂടിയാണല്ലോ അത്. അവിഹിതം പുറത്തു പറയാതിരിക്കാൻ സുഹൃത്ത് വിഷം ചേർത്ത കറുപ്പ് കൂടി കൊടുത്തതോടെ ആ പതനം പൂർത്തിയായി.
വയലാർ- ദേവരാജൻ ടീം ഒരുക്കിയ 5 ഗാനങ്ങളിൽ ‘അനുപമേ അഴകേ,’ ‘ദൈവപുത്രന് വീഥിയൊരുക്കുവാൻ’ എന്നിവ ഹിറ്റായി. അനശ്വരമായത് പക്ഷെ മറ്റൊരു ഗാനമാണ്. മലയാളം പഠിച്ച ജർമ്മൻ മിഷനറി നാഗേൽ എഴുതിയ ‘സമയമാം രഥത്തിൽ ഞാൻ’ ദേവരാജൻ ഈ സിനിമയിൽ ഉൾപ്പെടുത്തി.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ