Social MediaTRENDING

‘ജർമനിയോ യുകെയോ അല്ല, ഇത് നമ്മടെ ട്രിവാൻഡ്രം… ഓ തന്നെടെയ്…’ തലസ്ഥാന ന​ഗരി സമൂഹമാധ്യമങ്ങളിൽ ഫുൾ കളറാണ്; ദീപാലങ്കാരം, പൂന്തോട്ടം, സംഗീതം…

‘ഇത് ജർമനി അല്ല, ഇത് യു.കെ. അല്ല, ഇത് ട്രിവാൻഡ്രം’… സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത വാചകങ്ങളാണിത്. ഇവയ്‌ക്കൊപ്പം ചിത്രങ്ങളുമുണ്ട്. ക്രിസ്മസ് എന്ന ആശയത്തിൽ എൽ.എം.എസ്. മുതൽ വെള്ളയമ്പലം വരെ വൈദ്യുതദീപങ്ങളാൽ തീർത്ത രൂപങ്ങളെക്കുറിച്ചാണ് പുതിയ തലമുറ വാട്ട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും കുറിക്കുന്നത്.

Signature-ad

യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്മസിന് ഇത്തരം അലങ്കാരം പതിവാണ്. അതിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് നഗരവസന്തത്തിനൊപ്പം ദീപാലങ്കാരവും ഒരുക്കിയത്. കനകക്കുന്നിന് ചുറ്റും ഒരുക്കിയിരിക്കുന്ന ഉദ്യാനം കാണാനെത്തുന്നതിനെക്കാൾ തിരക്കാണ് അലങ്കാരം കാണാൻ. കാൽനടയായും വാഹനങ്ങളിലുമായി ആളെത്തുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. രാത്രി ഒരുമണി വരെ പ്രദർശനം കാണാമെന്നതിനാൽ കുടുംബങ്ങൾ ധാരാളമായെത്തുന്നു. അവധിക്കാലം കൂടിയായതിനാൽ തിരക്കേറെയാണ്. കാഴ്ചകൾ കുട്ടികളെ ആകർഷിക്കുന്നുണ്ട്.

എൽ.എം.എസിന് മുന്നിലൊരുക്കിയിരിക്കുന്ന ക്രിസ്മസ് പാപ്പയും നക്ഷത്രങ്ങളും വൈദ്യുതാലങ്കാരങ്ങളുമാണ് ഏറെ ഇഷ്ടപ്പെട്ടതെന്ന് പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിനി ശ്രുതകീർത്തി അനീഷ് പറയുന്നു. രാത്രിജീവിതമെന്ന ആശയത്തിന്റെ സാധ്യതകൾ കൂടി വിലയിരുത്താനാണ് പ്രദർശനം ഒരുമണി വരെയാക്കിയത്. മൂന്ന് ദിവസത്തെ ജനസാന്നിധ്യത്തിൽ നിന്ന് നഗരത്തിൽ ‘നൈറ്റ് ലൈഫ്’ അനിവാര്യമാണെന്നാണ് മനസ്സിലായതെന്ന് ഡി.ടി.പി.സി. സെക്രട്ടറി ഷാരോൺ വീട്ടിൽ പറഞ്ഞു.

സ്ഥിരം ശൈലിയിൽനിന്ന് മാറി കാലോചിതമായ രീതിയിൽ ന്യൂജനറേഷനെ കൂടി ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉദ്യാനത്തിൽ ഇൻസ്റ്റലേഷനുകൾ ക്രമീകരിച്ചത്. കനകക്കുന്നിന് പുറത്ത് പലയിടത്തായി ചെറുപൂന്തോട്ടങ്ങളും ഒരുക്കിയിട്ടുണ്ട്. റോഡരികിൽ ഇൻസ്റ്റലേഷനുകൾക്കൊപ്പവും സ്ഥാപനങ്ങൾക്ക് മുന്നിലും പൂച്ചെടികൾ ക്രമീകരിച്ചിട്ടുണ്ട്. വിവിധ ഇനങ്ങളിലായി 60000 പൂച്ചെടികളാണ് നഗരവസന്തത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 6000 റോസാച്ചെടികളുണ്ട്. നാടൻ ഇനങ്ങൾക്കൊപ്പം ടുലിപ്‌സ്, ഒലിവ്, കമീലിയ, ഫൈലാൻഡസ് തുടങ്ങിയവയും ഉദ്യാനത്തിലുണ്ട്.

നഗരവസന്തത്തിൽ 78 ലക്ഷം രൂപയുടെ ചെടികൾ ഒരുക്കിയിട്ടുണ്ടെന്ന് കേരള റോസ് സൊസൈറ്റി ഭാരവാഹി കരമന ഹരി പറഞ്ഞു. ഇലകളും വള്ളിയും പൂക്കളും ചേർത്ത് അലങ്കരിച്ച സ്ത്രീരൂപവും വാട്ടർ ഫൗണ്ടനും ആകർഷകങ്ങളാണ്. ശനിയാഴ്ച മുതൽ രാത്രി ഒൻപതിന് ശേഷം നടത്തുന്ന സംഗീത പരിപാടികൾക്ക് സ്ഥിരം വേദിയില്ലെന്നതും പ്രത്യേകതയാണ്. ഉപകരണസംഗീത കച്ചേരികൾ നടത്തുന്നത് പൂന്തോട്ടങ്ങൾക്കിടയിലാകും.

Photo credit: Arun P- facebook.com/trivandrum.indian, Abhijith MS –facebook.com/trivandrum.indian

Back to top button
error: