തിരുവനന്തപുരം: ഡി.ഐ.സിയുമായി സഖ്യംവേണ്ടെന്ന സി.പി.എം. പോളിറ്റ്ബ്യൂറോ തീരുമാനം കരുണാകരൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും മരണം വരെയും അദ്ദേഹത്തിന്റെ മനസ്സിലെ മുറിവ് ഉണങ്ങിയില്ലെന്നും ചെറിയാൻ ഫിലിപ്പ്. ക്രൂരമായ രാഷ്ട്രീയവഞ്ചനയിലൂടെ വാർദ്ധക്യ കാലത്ത് കെ.കരുണാകരന്റെ മനസ്സ് തകർത്തത് സി പി എം ആണെന്നു ചെറിയാൻ ഫിലിപ്പ് തുറന്നടിച്ചു. അവസാന കാലത്ത് അദ്ദേഹത്തിനുണ്ടായ ചില തിക്താനുഭവങ്ങൾ പറയാതെ വയ്യെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട കെ.മുരളീധരന്റെ തിരിച്ചു വരവ് കാണാൻ കഴിയാതെയാണ് കരുണാകരൻ അന്ത്യശ്വാസം വലിച്ചത്.
കരുണാകരനുമായി സഖ്യത്തിന് ആദ്യം പരസ്യ നിലപാട് സ്വീകരിച്ചത് വിഎസ് അച്ചുതാനന്ദനായിരുന്നു. തങ്ങളുടെ കയ്യിൽ 40 പേരുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് ഉണ്ടെന്നും 31 പേർ കൂടി വന്നാൽ പുതിയ മന്ത്രിസഭ രൂപീകരിക്കാമെന്നുമാണ് വിഎസ് പറഞ്ഞിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കരുണാകരന്റെ സഹായം കൂടാതെ ജയിക്കാമെന്നായപ്പോൾ വിഎസ് കാലുമാറി. വി എസിന്റെ പ്രേരണയിലാണ് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സി പി എം പോളിറ്റ്ബ്യൂറോ കരുണാകരനുമായി സഖ്യമോ ധാരണയോ വേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ, പിണറായി വിജയൻ മാത്രം കരുണാകരനുമായി സഖ്യത്തിന് അവസാനം വരെ വാദിച്ചിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു